നിയമ ഭേദഗതിക്ക് ഡോക്ടർ രക്തസാക്ഷിയാകേണ്ടി വന്നു: വി. മുരളീധരൻ

Friday 29 December 2023 1:53 AM IST

തിരുവനന്തപുരം : ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന ആശുപത്രി സംരക്ഷണ നിയമത്തിന്റെ ഭേദഗതി അംഗീകരിക്കാൻ യുവഡോക്ടർ സംസ്ഥാനത്ത് രക്തസാക്ഷിയാകേണ്ടി വന്നത് ദുഃഖകരമാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഐ.എം.എ ദേശീയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ല. അതേസമയം ചില സാഹചര്യങ്ങളിൽ ഡോക്ടർമാർ സ്വയം വിലയിരുത്താനും തയ്യാറാകണം. ജനങ്ങളുടെ വിശ്വാസം ഡോക്ടർമാർ കാത്തുസൂക്ഷിക്കണം. സ്ത്രീധന പീഡനം ലഹരിക്കേസുകൾ എന്നിവയ്‌ക്കെതിരെ ഡോക്ടർമാർ ശക്തമായി പ്രതികരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ശശി തരൂർ എം.പി ദേശീയ ഹെൽത്ത് മാനിഫെസ്റ്റോയും എൻ.കെ. പ്രേമചന്ദ്രൻ എം.പി സമ്മേളന സുവനീറും പ്രകാശനം ചെയ്തു.

ഐ.എം.എ മുൻ ദേശീയ പ്രസിഡന്റ് കേദൻ ദേശായി, സ്ഥാനമൊഴിഞ്ഞ ദേശീയ പ്രസിഡന്റ് ഡോ ശരദ് അഗർവാൾ, ദേശീയ സെക്രട്ടറി ഡോ. അനിൽകുമാർ നായക്, ഐ.എം.എ കേരള ഘടകം പ്രസിഡന്റ് ഡോ. ജോസഫ് ബനവൻ, തിരുവനന്തപുരം ഘടകം പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ,ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ.ശ്രീജിത്ത് എൻ.കുമാർ, സെക്രട്ടറി ഡോ. സുൾഫി എൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement