അശാന്തസുന്ദര വഴികളിൽ പ്രശാന്ത് നാരായണൻ

Friday 29 December 2023 2:10 AM IST

തിരുവനന്തപുരം: കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായരുടെ പുത്രന് നാടകവും കഥകളിയുമൊക്കെ ജന്മനാരക്തത്തിലുണ്ട്. കോളേജ് വിദ്യാഭ്യാസശേഷം തൃശ്ശൂർ സ്കൂൾ ഒഫ് ഡ്രാമയിലെത്തുന്നത് അങ്ങനെയാണ്. എങ്കിലും ആദ്യഗുരു അച്ഛൻ തന്നെ.

കലയിലും ജീവിതത്തിലും ഒറ്റപ്പെട്ട ശൈലി സ്വീകരിച്ച കലാകാരനായിരുന്നു പ്രശാന്ത് നാരായണൻ. പുരാണകഥകളെയും ഐതിഹ്യങ്ങളെയും തന്റേതായ നിലയിൽ അദ്ദേഹം വ്യാഖ്യാനിച്ചു. സ്കൂൾ ഒഫ് ഡ്രാമ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് 'ഭാരതാന്തം" എന്ന ആട്ടക്കഥ രചിച്ച് അവതരിപ്പിച്ചത്. അക്കാലത്ത് തൃശ്ശൂരിലെ ഒരു സംഘടന സംഘടിപ്പിച്ച സാംസ്കാരിക ചടങ്ങിൽ പ്രശാന്തിന് സ്വീകരണം നൽകി. സ്കൂൾ ഒഫ് ഡ്രാമയുടെ അക്കാലത്തെ മേധാവിയും അവിടെ സ്വീകരണം വാങ്ങാൻ എത്തിയിരുന്നു. പഠനസമയത്ത് പുറത്ത് കലാപരിപാടികൾ അവതരിപ്പിക്കുന്നത് സ്കൂൾ ഒഫ് ഡ്രാമ അധികൃതർക്ക് രസിച്ചില്ല. ഹാജർ കുറവ് എന്ന അപരാധം ചുമത്തി അധികൃതർ പ്രശാന്തിനെ പുറത്താക്കി. സ്കൂൾ ഒഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിന്റെ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കോടെ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥി അങ്ങനെ കോഴ്സ് പൂർത്തിയാക്കാതെ പുറത്തായി. 30 ഓളം നാടകങ്ങൾ രചിച്ചും അതിന്റെ ഇരട്ടി സംവിധാനം ചെയ്തുമാണ് പ്രശാന്ത് പുറത്താക്കലിന് മറുപടി നൽകിയത്.

പ്രശാന്തിന്റെ ഭാഷയിൽ പറഞ്ഞാൽ 'എരന്നു കിട്ടിയ 300 രൂപയുമായി" ഇന്ത്യ ചുറ്റിക്കാണാനിറങ്ങിയ നാളുകളിൽ,​ ഗുജറാത്തിലെ ഒരു പാർക്കിൽ വച്ചാണ് ഛായാമുഖിയുടെ തീപ്പൊരി ഉള്ളിൽ വീഴുന്നത്. മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി 2008-ൽ മോഹൻലാലിനെയും മുകേഷിനെയും മുഖ്യകഥാപാത്രങ്ങളാക്കി 'ഛായാമുഖി " എന്ന നാടകം സംവിധാനം ചെയ്ത് അവതരിപ്പിച്ചപ്പോഴും വിവാദം ഉറഞ്ഞുതുള്ളി. പാണ്ഡവരുടെ കാനനവാസ കാലത്ത് ഭീമനും ഹിഡുംബിയും അടുക്കുന്നതും ഹിഡുംബി ഛായാമുഖി എന്ന കണ്ണാടി ഭീമന് സമ്മാനിക്കുന്നതും അതുമായി ബന്ധപ്പെട്ട ചില സന്ദർഭങ്ങളുമാണ് ഇതിവൃത്തം. പ്രശാന്തിന്റെ ഭാവനയിൽ രൂപപ്പെട്ട നാടകം.

മഹാഭാരതത്തിൽ നിന്നുള്ള അടിച്ചുമാറ്റൽ എന്ന ആക്ഷേപവുമായി എത്തിയവരെ കൃത്യമായ മറുപടിയിലൂടെ കീഴ്പ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

Advertisement
Advertisement