അടിയന്തരപ്രമേയവും വാക്കൗട്ടും ... ഗൗരവം വിടാതെ കുട്ടി പാർലമെന്റ്

Friday 29 December 2023 2:32 AM IST

തിരുവനന്തപുരം: കൂർത്തമുനയുള്ള ചോദ്യങ്ങളും കാച്ചിക്കുറുക്കിയ മറുപടികളും അടിയന്തരപ്രമേയവും പ്രതിപക്ഷവാക്കൗട്ടും... പാർലമെന്റിനെ അനുസ്മരിപ്പിക്കുന്ന ഗംഭീരപ്രകടനം. കുടുംബശ്രീ ബാലസഭാംഗങ്ങളുടെ നേതൃത്വത്തിൽ പഴയ നിയമസഭാമന്ദിരത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ബാലപാർലമെന്റ് കൗതുകം നിറഞ്ഞ കാഴ്ചകൾക്ക് വേദിയായി. 31612 ബാലസഭകളിൽ അംഗങ്ങളായ 4.59 ലക്ഷം കുട്ടികളുടെ പ്രതിനിധികളാണ് പാർലമെന്റിലെത്തിയത്.

ഉദ്ഘാടനം മുൻഗതാഗത മന്ത്രി ആന്റണിരാജു നിർവഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്‌ടർ ജാഫർ മാലിക് അദ്ധ്യക്ഷത വഹിച്ചു. ബാലസഭയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ 'അറിവൂഞ്ഞാൽ' ആന്റണിരാജു പ്രകാശനം ചെയ്‌തു.

ജില്ലാതല ബാലപാർലമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരും അട്ടപ്പാടിയിൽനിന്നുള്ള 11പേരും ഉൾപ്പെടെ 165 കുട്ടികളാണ് പങ്കെടുത്തത്.

ബാലപാർലമെന്റിനു ശേഷം കുട്ടികൾ പുതിയ നിയമസഭാമന്ദിരം സന്ദർശിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ.ബി.ശ്രീജിത്ത് സ്വാഗതവും സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി.രാജൻ നന്ദിയും പറഞ്ഞു. ബാലസഭാംഗം രാഹുൽ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Advertisement
Advertisement