കുളമ്പുരോഗത്തെ ചെറുക്കാം കുത്തിവെപ്പു പുനരാരംഭിച്ചു

Saturday 30 December 2023 10:08 AM IST
1

കോഴിക്കോട് : ക്ഷീര കർഷകർക്ക് ആശ്വാസമേകി കുളമ്പുരോഗ കുത്തിവെപ്പു പുനരാരംഭിച്ചു. കഴിഞ്ഞ ആറുമാസമായി പ്രതിരോധ കുത്തിവെപ്പ് മുടങ്ങിയ നിലയിലായിരുന്നു. ഇതോടെ കന്നുകാലികളിൽ രോഗവും വർദ്ധിച്ചു. രോഗം വർദ്ധിച്ചതോടെ കർഷകരുടെ പ്രതിഷേധിച്ചു. ഇതോടെയാണ് കുത്തിവെപ്പ് പുനരാരംഭിക്കാൻ നടപടികൾ തുടങ്ങിയത്. കുത്തിവെപ്പിനുള്ള മരുന്ന് എത്തിച്ച് നൽകാൻ ക്ഷീര വികസന വകുപ്പിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കുത്തിവെപ്പ് വരും ദിവസങ്ങളിൽ തന്നെ ആരംഭിക്കാനാണ് സാധ്യത. കന്നുകാലികളിൽ വർഷത്തിൽ രണ്ട് തവണയാണ് കുളമ്പ് രോഗ കുത്തിവെപ്പ് നടത്തേണ്ടത്. നാല് മാസം പ്രായമെത്തുമ്പോൾ ഇതിൽ ആദ്യത്തെ കുത്തിവയ്പ് നൽകേണ്ടത്. മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസും നൽകണം. നാലു മുതൽ ആറു മാസം വരെ ഈ പ്രതിരോധശേഷി നിലനിൽക്കുകയും ചെയ്യും. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും ഈ കുത്തിവയ്പ് ആവർത്തിക്കണം. സ്ഥിരമായി ആറുമാസത്തിലൊരിക്കൽ കുത്തിവെയ്‌പ്പെടുക്കുന്ന പശുക്കൾക്ക് പ്രതിരോധശേഷി ലഭിക്കുകയും രോഗസാധ്യത കുറയുകയും ചെയ്യും. എന്നാൽ കുത്തിവെപ്പ് കാരണം കറവപ്പശുക്കളിൽ പാലുത്പാദനം കുറയുമെന്ന തെറ്റിദ്ധാരണ മൂലം കർഷകർ ചില പ്രതിരോധ കുത്തിവയ്‌പ്പെടുക്കാൻ വിമുഖത കാണിക്കാറുണ്ട്. കുത്തിവെപ്പെടുത്ത ആദ്യത്തെ മൂന്നുമുതൽ നാലു വരെയുള്ള ദിവസങ്ങളിലാണ് ഇത് കാണാറുള്ളത്. പിന്നീട് ഇത് പൂർവസ്ഥിതിയിലാകാറുമുണ്ട്. കുത്തിവെപ്പ് മുടങ്ങിയതോടെ ഇത് കൃത്യമായി പാലിക്കുന്ന കർഷകർ പ്രതിസന്ധിയിലായിരുന്നു. തീറ്റ എടുക്കാതിരിക്കുക, വായിലൂടെ നുരയും പതയും വരിക, കുളമ്പുകളിൽ വ്രണം, കറവ വറ്റുക എന്നിവയാണ് രോഗലക്ഷണങ്ങൾ. നിലവിൽ കടുത്ത പ്രതിസന്ധിയിലാണ് ക്ഷീരമേഖല. പലരും ഈ മേഖല ഉപേക്ഷിച്ച നിലയിലാണ്. തീറ്റ, പുല്ല്, കാലിത്തീറ്റയുടെ വിലവർദ്ധനവ് തുടങ്ങിയവ കർഷകർക്ക് താങ്ങാനാവുന്നില്ലെന്ന സ്ഥിതിയാണ്. ഇതോടെ പാൽ ഉത്പാദനവും കുറഞ്ഞു. കാലിത്തീറ്റ വില കുതിച്ചുയരുമ്പോഴും ഒരു വർഷമായി കാലിത്തീറ്റ സബ്സിഡി ലഭിക്കുന്നില്ലെന്നാണ് കർഷകുടെ പരാതി. മറ്റ് സംസ്ഥാനങ്ങളിലെല്ലാം സബ്സിഡി ലഭിക്കുന്നുണ്ടെന്നും കർഷകർ പറയുന്നു. ചെറുകിട ക്ഷീരകർഷകരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും വൻകിട കോർപ്പറേറ്റുകൾ ക്ഷീരമേഖലയിലെ വിപണി കൈയ്യടക്കുന്നത് തടയണമെന്നുമാണ് കർഷകരുടെ ആവശ്യം.

തീറ്റ എടുക്കാതിരിക്കുക, വായിലൂടെ നുരയും പതയും വരിക, കുളമ്പുകളിൽ വ്രണം, കറവ വറ്റുക എന്നിവയാണ് രോഗലക്ഷണങ്ങൾ.

വില കുതിച്ചുയരുമ്പോഴും ഒരു വർഷമായി കാലിത്തീറ്റ സബ്സിഡി ലഭിക്കുന്നില്ല

Advertisement
Advertisement