തിരുവിതാംകൂർ ദേവസ്വത്തിലെ കൊമ്പൻ വെട്ടിക്കാട് ചന്ദ്രശേഖരൻ ചരിഞ്ഞു
ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവ എഴുന്നള്ളത്തിനായി എത്തിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കൊമ്പൻ വെട്ടിക്കാട് ചന്ദ്രശേഖരൻ (63) ചരിഞ്ഞു. ഇന്നലെ രാവിലെ കുഴഞ്ഞുവീണ ആന വൈകിട്ട് നാലുമണിയോടെയാണ് ചരിഞ്ഞത്. ആനയെ എഴുന്നേൽപ്പിക്കാൻ വെറ്ററിനറി ഡോക്ടർ ബിനു ഗോപിനാഥനും പാപ്പാൻമാരും ക്രെയിൻ ഉപയോഗിച്ച് ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗ്ലൂക്കോസും മരുന്നും നൽകി ചികിത്സ തുടരുന്നതിനിടെയാണ് ചരിഞ്ഞത്. ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടുവരികയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. 28 ദിവസം നീളുന്ന ഉത്സവത്തിനാണ് ആനയെ എത്തിച്ചത്. മൈനാഗപ്പള്ളി വെട്ടിക്കാട് ക്ഷേത്രത്തിലെ ആനയാണ് ചന്ദ്രശേഖരൻ.
അതേസമയം, പ്രായാധിക്യം മൂലമുള്ള അവശതയെ തുടർന്നാണ് ആന ചരിഞ്ഞതെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ആനയുടെ ജഡം വെട്ടിക്കാട്ടേയ്ക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിക്കും.