ടേബിൾ കലണ്ടറിൽ ചിറകു വിടർത്തി നാട്ടുപക്ഷികൾ 

Sunday 31 December 2023 12:10 AM IST
ഇന്ദുചൂഡന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ടേബിൾ കലണ്ടർ
  • 26 ഇനം നാട്ടുപക്ഷികൾ.
  • 12 പേജുകൾ.

പാലക്കാട്: ജില്ലയിലെ എത്ര നാട്ടുപക്ഷികളെ നിങ്ങൾക്കറിയാം? തിരക്കിനിടയിൽ ചുറ്റുമൊന്ന് കണ്ണോടിക്കാൻ സമയം ലഭിക്കാറുണ്ടോ? നാട്ടുപക്ഷികളുടെ ചിത്രങ്ങളും അവയെക്കുറിച്ചുള്ള വിവരങ്ങളുമടങ്ങിയ ഒരു ടേബിൾ കലണ്ടർ കൈയിൽ കിട്ടിയാലോ? ഇൻടാക് പാലക്കാട് ചാപ്റ്ററാണ് ഇത്തരമൊരു ടേബിൾ കലണ്ടർ പുറത്തിറക്കിയത്. പ്രശസ്ത പക്ഷിനിരീക്ഷകൻ പാലക്കാട്ടുകാരനായ പ്രൊഫ.കെ.കെ.നീലകണ്ഠന്റെ (ഇന്ദുചൂഡൻ) നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് കലണ്ടർ തയ്യാറാക്കിയത്.

പാലക്കാട്ട് കണ്ടുവരുന്ന 26 ഇനം നാട്ടുപക്ഷികളെ 12 പേജുകളിലായി അറിയാനുള്ള അവസരമാണിത്. കൊക്കൻ തേൻകിളി, കറുപ്പൻ തേൻകിളി, മീൻ കൂമൻ, പുള്ളി നത്ത്, പെരുമുണ്ടി, നാട്ടുമൈന, കരിന്തലിച്ചിക്കാളി, ഇരട്ടത്തലച്ചി, പേന കാക്ക തുടങ്ങിയ പക്ഷികൾ കലണ്ടറിൽ ഇടം പിടിച്ചു. പാലക്കാട്ടെ പ്രധാന വ്യക്തികളുടെ ജന്മദിനം, സംഭവങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ, അവധി ദിനങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തി.

പ്രൊഫ.കെ.കെ.നീലകണ്ഠൻ

ആലത്തൂർ കാവശേരി സ്വദേശിയാണ് പ്രൊഫ.കെ.കെ.നീലകണ്ഠൻ. ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത്. 'കേരളത്തിലെ പക്ഷികൾ' ഉൾപ്പെടെയുള്ള പുസ്തകങ്ങൾ രചിച്ചു. കേരളത്തിൽ കാണപ്പെടുന്ന 261 ഇനം പക്ഷികളെ ചിത്രങ്ങൾ സഹിതം ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം കാവശേരിയിൽ പക്ഷിനിരീക്ഷണം ആരംഭിച്ചു. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളാണ്.

Advertisement
Advertisement