ഹാപ്പിയായി ഹരിതകർമ്മസേന; മാലിന്യത്തിൽ നിന്ന് 10കോടി, 35000 പേരുടെ പരിശ്രമം
തിരുവനന്തപുരം : അജൈവ മാലിന്യശേഖരണം വഴി 10കോടി രൂപയുടെ റെക്കോഡ് വരുമാനം കൈവരിച്ച ആഹ്ലാദത്തിലാണ് ഹരിതകർമ്മസേനാംഗങ്ങൾ പുതുവർഷത്തിലേക്ക് കടക്കുന്നത്. വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് നൽകിയതിലൂടെയാണ് ഹരിത കർമ്മസേനാംഗങ്ങൾക്ക് കഴിഞ്ഞവർഷം 8.11കോടിയും മാലിന്യങ്ങൾ എത്തിക്കുന്ന ആർ.ആർ.എഫുകളിലെ തൊഴിലാളികൾക്ക് 2 കോടിയും പോയവർഷം വേതനമായി നൽകിയത്. ശരാശരി 70 ലക്ഷം രൂപയാണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്രതിമാസം വേതനമായി നൽകിയത്. 2022 ഓഗസ്റ്റിൽ വേതനമായി 35 ലക്ഷം അനുവദിച്ചതാണ് ഏറ്റവും ഉയർന്ന തുക.
35,000 ഹരിതകർമ്മ സേനാംഗങ്ങളുണ്ട്. തദ്ദേശവകുപ്പിന് കീഴിലുള്ള ക്ലീൻ കേരള കമ്പനിയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ശേഖരിച്ച് തരംതിരിച്ച് നൽകുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചാണ് കൂലി. ജനുവരി മുതൽ ഡിസംബർ വരെ 44,329 ടൺ മാലിന്യമാണ് ശേഖരിച്ചത്.
9,836 ടൺ മാലിന്യം തരംതിരിച്ച് നൽകിയതാണ് റെക്കോഡ് വരുമാനത്തിന് കാരണമായത്. കണ്ണൂരാണ് മുന്നിൽ.ആലപ്പുഴയും കൊല്ലവുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇടുക്കിയും വയനാടുമാണ് ഏറ്റവും പിന്നിൽ. മലയോരമായതാണ് ഈ ജില്ലകളിലെ പ്രവർത്തനത്തിന്റെ വേഗം കുറയ്ക്കുന്നത്.
2022ൽ പ്രതിമാസം ഏഴ് ടൺ മാലിന്യം ശേഖരിച്ച പത്തനംതിട്ട കഴിഞ്ഞ വർഷം 35ടൺ ശേഖരിച്ചതാണ് പോയവർഷത്തെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം. 227 ടൺ പൊടിച്ച പ്ലാസ്റ്റിക്ക് റോഡ് നിർമ്മാണത്തിന് ഉൾപ്പെടെ കൈമാറി. 1,734 ടൺ റീസൈക്ളിംഗിന് കൈമാറിയപ്പോൾ. റീസൈക്ളിംഗ് സാദ്ധ്യമല്ലാത്ത 465ടൺ സിമെന്റ് ഫാക്ടറികൾക്കും നൽകി. ഇ-വേസ്റ്റ് 239 ടൺ ഉണ്ടായിരുന്നു. അപകടകരമായ 27 ടൺ മാലിന്യങ്ങളും കഴിഞ്ഞ വർഷം ഹരിതകർമ്മ സേന ശേഖരിച്ചു. 2,409 ടൺ ചില്ലുകൾ,263 ടൺ തുണി,ചെരുപ്പും ബാഗും 33ടൺ, വാഹനങ്ങളുടെ ടയർ ആറ് ടൺ,10 ടൺ മരുന്ന് സ്ട്രിപ്പുകൾ എന്നിങ്ങനെയാണ് ശേഖരിച്ച മറ്റു മാലിന്യങ്ങൾ.
പ്രതിമാസ
മാലിന്യശേഖരണം
(ടൺ)
ജനുവരി......................................763
ഫെബ്രുവരി................................693
മാർച്ച്...........................................801
ഏപ്രിൽ........................................702
മെയ്..............................................811
ജൂൺ.............................................860
ജൂലൈ..........................................814
ഓഗസ്റ്റ്..........................................876
സെപ്തംബർ...................................864
ഒക്‌ടോബർ...................................918
നവംബർ.......................................977
ഡിസംബർ.....................................752
കൂടുതൽ മെച്ചപ്പെട്ട നിലയിൽ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. കൂടുതൽ ഹരിതകർമ്മസേനാംഗങ്ങൾക്ക് വരുമാനം ഉറപ്പാക്കുന്നതിനൊപ്പം അജൈവ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരവുമാവും.
-ജി.കെ.സുരേഷ് കുമാർ,
എം.ഡി, ക്ലീൻ കേരള കമ്പനി