ഭൂമി തരാൻ റെയിൽവേയ്ക്ക് മടി, തുടർ ചർച്ചകൾക്ക് കെ റെയിൽ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി വിട്ടുനൽകാനാവില്ലെന്ന ദക്ഷിണ റെയിൽവേയുടെ നിലപാടുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് തുടർ ചർച്ചകൾ നടത്താൻ കെ റെയിൽ കോർപ്പറേഷൻ. റെയിൽവേയുടെ ഭാവി വികസനങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സിൽവർലൈൻ തടസമാകുമെന്ന ആശങ്കയോടെയാണ് ഭൂമി വിട്ടുനൽകാനാവില്ലെന്ന് ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിനെ അറിയിച്ചത്. റെയിൽവേ ബോർഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതിനിടയിൽ വീണ്ടും ചർച്ചകൾ നടത്താനാണ് തീരുമാനം.
റെയിൽവേയുടെ കൈവശമുള്ള 183 ഹെക്ടർ ഭൂമി കൂടി ഉൾപ്പെടുത്തിയാണ് സിൽവർലൈൻ പദ്ധതി തയ്യാറാക്കിയത്. റെയിൽവേ ഭൂമിക്കായി അനുമതി തേടി സമർപ്പിച്ച അപേക്ഷയിൽ റെയിൽവേ ബോർഡ് നിർദ്ദേശപ്രകാരം പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർമാരുമായി കെ റെയിൽ അധികൃതർ നേരത്തെ ചർച്ച നടത്തിയിരുന്നു. റെയിൽവേയുടെ പരിഗണനയിലുള്ള ഭാവി വികസന പദ്ധതികൾ കണക്കിലെടുത്താണ് സിൽവർ ലൈനിന് അലൈൻമെന്റ് തീരുമാനിച്ചതെന്ന് ചർച്ചകളിൽ അറിയിച്ചിരുന്നു. റെയിൽവേ ഭൂമി വിനിയോഗിക്കുന്നതിലുള്ള വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
വ്യാപകമായ തോതിലുള്ള കുടിയൊഴിപ്പിക്കൽ ഒഴിവാക്കുന്നതിനാണ് ഏറ്റവും അനുയോജ്യമായ ബദൽമാർഗ്ഗം സ്വീകരിച്ചത്. സിൽവർലൈൻ ഡി.പി.ആർ തയ്യാറാക്കുമ്പോൾ കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ വികസനത്തിനുള്ള പ്ലാൻ തയ്യാറായിരുന്നില്ല. അവിടത്തെ വികസന പദ്ധതികൾക്ക് അനുസരിച്ച് സിൽവർലൈൻ അലൈൻമെന്റിൽ മാറ്റം വരുത്താമെന്നും അറിയിച്ചിരുന്നു.
സിൽവർലൈൻ വരില്ലെന്ന്
വ്യക്തമാക്കിയിരുന്നു: വി.മുരളീധരൻ
കോഴിക്കോട്: സിൽവർ ലൈൻ പദ്ധതി നടപ്പാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ വേഗതയേറിയ സർവീസ് വന്ദേഭാരതിലൂടെ സാദ്ധ്യമാവും. അതിനായി ആയിരക്കണക്കിന് മനുഷ്യരെ കുടിയിറക്കി പുതിയ ലൈൻ ഉണ്ടാക്കേണ്ട ആവശ്യമില്ല. നിലവിലെ ലൈനിൽ മാറ്രം വരുത്തി വേഗതയേറിയ യാത്ര സാദ്ധ്യമാക്കും. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന റെയിൽവേയുടെ നിലപാടിൽ അത്ഭുതപ്പെടാനൊന്നുമില്ല. കെ.വി.തോമസ് കെ- റെയിലുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടില്ല. ചുമതല ഏറ്റെടുത്തപ്പോൾ കാണാൻ വന്നെന്നു മാത്രം. കേന്ദ്രത്തിന് കെ- റെയിലിനോട് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.