ലോകത്തെ നയിക്കുന്നത് ശ്രീനാരായണ ഗുരുദേവനിലുള്ള വിശ്വാസം: ടി. സിദ്ദിഖ്

Tuesday 02 January 2024 2:24 AM IST

ശിവഗിരി: ശ്രീനാരായണ ഗുരുദേവനിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് കേരളത്തെയും സമൂഹത്തെയും നയിക്കുന്നതെന്ന് ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞു. വിദ്യ കൊണ്ട് പ്രബുദ്ധരാവുക,​ സംഘടന കൊണ്ട് ശക്തരാവുക എന്ന് ഉദ്ബോധിപ്പിച്ച ഗുരുവിന്റെ ദർശനങ്ങൾ എല്ലാക്കാലത്തും പ്രസക്തമാണ്. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിത പ്രസ്ഥാനങ്ങൾ-നേട്ടങ്ങളും കോട്ടങ്ങളും എന്ന വിഷയത്തിലെ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന് ഇന്ന് നഷ്ടപ്പെടുന്ന ഘടകങ്ങളെയെല്ലാം ചേർത്തുനിറുത്തലാണ് ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യം. ഇന്ന് ശ്രീനാരായണ ധർമ്മസംഘത്തിന്റെ നേതൃത്വത്തിൽ സമൂഹത്തിൽ കൈവരിച്ച നേട്ടങ്ങളെല്ലാം ഗുരുദേവൻ സ്വപ്നം കണ്ടിരുന്നതാണെന്നും സിദ്ദിഖ് പറഞ്ഞു.

ഗുരുദേവന്റെ ആപ്തവാക്യങ്ങൾ രാജ്യം പൂർണമായി നടപ്പാക്കുന്നത് എങ്ങനെയെന്ന് ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ.എ. റഹീം എം.പി പറഞ്ഞു. പാലസ്തീനിൽ മാത്രമല്ല, മണിപ്പൂരിലും മറ്റ് പലയിടങ്ങളിലും സംഘർഷങ്ങൾ നടക്കുകയാണ്. ജാതിമത ഭേദമില്ലാതെ ജനങ്ങൾ സമാധാനത്തോടെ ജീവിക്കുന്ന കേരളം ഒരു ഓർമപ്പെടുത്തലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമൂഹ്യതിന്മകൾക്കെതിരെ എന്നും പടപൊരുതിയ പരിഷ്‌കർത്തവായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് ചടങ്ങിൽ സംസാരിച്ച ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. എല്ലാവരെയും ഒന്നായി കാണാനാണ് ഗുരുദേവന്റെ ആശയങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഘടനകൾക്ക് പ്രത്യയശാസ്ത്രവും അനുയായികളും ഉണ്ടാവണമെന്ന് ബി.ജെ.പി ജില്ലാപ്രസി‌ഡന്റ് വി.വി. രാജേഷ് പറഞ്ഞു. സംഘടന കൊണ്ടേ സമൂഹത്തിൽ മാറ്റങ്ങളുണ്ടാവൂ എന്ന് ശ്രീനാരായണ ഗുരു പറഞ്ഞതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനമാണ് എസ്.എൻ.ഡി.പി യോഗത്തെ ശക്തിപ്പെടുത്തിയതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു പറഞ്ഞു.

Advertisement
Advertisement