120 കോടിയുടെ പിഴ ചെലാൻ പ്രിന്റെടുത്തയക്കാൻ പണമില്ല, കെ എസ് ഇ ബി ഫ്യൂസ് ഊരിയാൽ സംസ്ഥാനത്തെ എ ഐ ക്യാമറകൾ പൂർണമായും നിലയ്ക്കും

Tuesday 02 January 2024 9:19 PM IST

തിരുവനന്തപുരം: റോഡ് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാനായി കോടികൾ മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവർത്തനം ഭാഗികമായി നിലച്ചു. സർക്കാർ പണം കൊടുക്കാത്തതിനാൽ റോഡ് ക്യാമറാ കൺട്രോൾ റൂമുകളിൽ നിന്നും ജീവനക്കാരെ കെൽട്രോൺ പിൻവലിച്ചു തുടങ്ങി. തപാൽ മാർഗം നോട്ടീസ് അയക്കുന്നത് കഴിഞ്ഞ മാസം അവസാനിപ്പിച്ചിരുന്നു.

ക്യാമറകൾ നൽകുന്ന ദൃശ്യങ്ങൾ പരിശോധിച്ച് പിഴ നോട്ടീസും സന്ദേശവും അയക്കുന്നതിനായി മോട്ടർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമുകളിൽ നിയോഗിച്ചിരുന്ന 140 പേരിൽ 50 പേരെയാണ് കഴിഞ്ഞയാഴ്ച കെൽട്രോൺ പിൻവലിച്ചത്. ക്യാമറയുടെ വിലയും പ്രവർത്തനച്ചെലവുമായി മൂന്നു മാസം കൂടുമ്പോൾ 11.79 കോടി രൂപ കെൽട്രോണിന് കൈമാറണമെന്ന വ്യവസ്ഥ പാലിക്കാത്തതാണു കാരണം. ആദ്യ രണ്ടു ഗഡുവും കുടിശ്ശികയാണ്.

ആദ്യത്തെ 3 മാസം തന്നെ 120 കോടിയുടെ പിഴയ്ക്കുള്ള ചെലാൻ വാഹന ഉടമകൾക്ക് അയച്ചിരുന്നു. ഇതിൽ 35 കോടി ഖജനാവിലെത്തി. സെപ്തംബർ മുതൽ നവംബർ അവസാനം വരെയുള്ള 120 കോടിയുടെ ചെലാൻ കൺട്രോൾ റൂമിൽ തയാറാണെങ്കിലും ഇത് പ്രിന്റ് എടുത്ത് അയയ്ക്കാനുള്ള പണമില്ലാത്തതിനാൽ അയച്ചില്ല.

ഈ രീതിയിണെങ്കിൽ കൺട്രോൾ റൂമുകൾക്കും പൂട്ടു വീഴും. കൺട്രോൾ റൂമുകളുടെ വൈദ്യതി ബില്ലുകൾ കുടിശ്ശികയാണ്. കരാർ പ്രകാരം വൈദ്യുതി കുടിശ്ശികയുൾപ്പെടെ നൽകേണ്ടത് കമ്പനിയാണ്. എന്നാൽ, സർക്കാർ പണം കൊടുക്കാത്തതിനാൽ കമ്പനിക്ക് അതിനു കഴിയുന്നുമില്ല. കെ.എസ്.ഇ.ബി. കൺട്രോൾ റൂമുകളുടെ ഫ്യൂസ് ഊരിയാൽ എ.ഐ ക്യാമറകളുടെ പ്രവർത്തനം പൂർണമായും നിലയ്ക്കും. സമഗ്ര കരാർ തയ്യാറാക്കിയ ശേഷം കെൽട്രോണിനു പണം നൽകിയാൽ മതിയെന്നായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ നേരത്തെയുള്ള നിലപാട്. അന്തിമ കരാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ അടുത്തദിവസം മന്ത്രി ഗണേശ് കുമാർ കൈക്കൊള്ളുന്ന നിലപാട് നിർണ്ണായകമാവും.