മോദി പ്രസംഗിച്ച വേദിയിൽ ചാണക വെള്ളം തളിക്കാൻ ശ്രമം; തൃശൂരിൽ ബി ജെ പി - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം

Thursday 04 January 2024 11:36 AM IST

തൃശൂർ: ജില്ലയിൽ യൂത്ത് കോൺഗ്രസ് - ബി ജെ പി സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയ വേദിക്ക് സമീപമാണ് സംഘർഷമുണ്ടായത്. വേദിയിൽ ചാണകവെള്ളം തളിക്കാൻ യൂത്ത് കോൺഗ്രസുകാർ ശ്രമിച്ചിരുന്നു. പ്രതിഷേധിക്കാനെത്തിയവരെ ബി ജെ പി പ്രവർത്തകർ തടഞ്ഞു. ഇതോടെയാണ് സംഘർഷമുണ്ടായത്.

ബി ജെ പി - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ഇടപെടുകയായിരുന്നു. യൂത്ത് കോൺഗ്രസിന് ചാണകവെള്ളം തളിക്കാൻ പൊലീസ് സൗകര്യമൊരുക്കിക്കൊടുത്തെന്ന് ബി ജെ പി പ്രവർത്തകർ ആരോപിച്ചു.

'അക്രമികളെ അറസ്റ്റ് ചെയ്യാൻ കേരള പൊലീസ് തയ്യാറാകുന്നില്ല. ഞങ്ങൾ ഒരു സ്ഥലത്തേക്കും ആക്രമിക്കാൻ പോയിട്ടില്ല. അക്രമികൾക്ക് സൗകര്യമൊരുക്കുകയാണ് പൊലീസ്. എന്തുകൊണ്ട് അക്രമികളെ അറസ്റ്റ് ചെയ്യുന്നില്ല? പ്രധാനമന്ത്രിയുടെ വേദിയിൽ ചാണക വെള്ളം തളിക്കാൻ പൊലീസ് സൗകര്യം ചെയ്തുകൊടുക്കുകയാണ്.'- ബി ജെ പി പ്രവർത്തകർ പറഞ്ഞു.

മഹിളാ സംഗമത്തിൽ പങ്കെടുക്കാനായി ഇന്നലെ മോദി തേക്കിൻകാട് മൈതാനിയിൽ എത്തിയിരുന്നു. ഇവിടത്തെ വേദിയിൽ ചാണക വെള്ളം തളിക്കാനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത്.

കേരളത്തിന്റെ വികസനത്തിന് ബി ജെ പി അധികാരത്തിലെത്തണമെന്ന് മോദി പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഇടത്, വലത് മുന്നണികളും ദേശീയതലത്തിൽ 'ഇന്ത്യ' മുന്നണിയും തടസം നിൽക്കുമ്പോഴും വികസനത്തിന് മോദിയുടെ ഉറപ്പുണ്ടെന്ന് (മോദി ഗ്യാരന്റി) അദ്ദേഹം ആവർത്തിച്ചു. അതേസമയം, പരിപാടിയോട് അനുബന്ധിച്ച് മരം മുറിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.