'ഇനി 'എച്ച്' മാത്രം പോരാ'; ഡ്രെെവിംഗ്  ലെെസൻസ്  ടെസ്റ്റ്  പരിഷ്കരിക്കാൻ ഒരുങ്ങി  ഗതാഗത  മന്ത്രി

Thursday 04 January 2024 10:02 PM IST

തിരുവനന്തപുരം: ഡ്രെെവിംഗ് ലെെസൻസ് ടെസ്റ്റ് പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ ആഴ്ച മുതൽ ഡ്രെെവിംഗ് ടെസ്റ്റ് കർശനമാക്കുമെന്നും അനുവദിക്കുന്ന ലെെസൻസുകളുടെ എണ്ണം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ലെെസൻസ് സസ്പെൻഡ് ചെയ്യുന്നത് കൊണ്ട് കാര്യമില്ലെന്നും വ്യാജ സർട്ടിഫിക്കറ്റ് നൽകി വീണ്ടും ലെെസൻസ് എടുക്കുന്ന പ്രവണതയുണ്ടെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ലെെസൻസ് കൊടുക്കുന്ന നടപടി കർശനമാക്കും. 'എച്ച്' മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്സ് എടുക്കണം. പാർക്ക് ചെയ്ത് കാണിക്കണമെന്നും മന്ത്രി പറഞ്ഞു. താൻ ഗൾഫിൽ പോയി ലെെസൻസ് എടുത്തപ്പോൾ ഇതെല്ലാം ചെയ്തിട്ടാണ് ലെെസൻസ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കും. അതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. സ്ത്രീകളോട് മോശമായി ഉദ്യോഗസ്ഥർ പെരുമാറുന്നുവെന്ന പരാതിയിൽ നടപടിയെടുക്കും. വ്യാപകമായി ലെെസൻസ് കൊടുക്കുന്നവർ ആ സ്ഥാനത്തുണ്ടാകില്ല. തെറ്റുവരുത്തിയാൽ ലെെസൻസ് കിട്ടില്ല. കേരളത്തിലെ ലെെസൻസിന് അന്തസുണ്ടാകും. ഇത് മനുഷ്യജിവന്റെ പ്രശ്നമാണ്. പലർക്കും ലെെസൻസുണ്ട്. പക്ഷേ വണ്ടി ഓടിക്കാൻ അറിയില്ല. എല്ലാ കാര്യങ്ങളിലും വിജയിച്ചാൽ മാത്രമേ ലെെസൻസ് അനുവദിക്കൂ'. - മന്ത്രി പറഞ്ഞു.