നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ മോശം പരാമർശം; ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടി ഓർത്തഡോക്സ് സഭ

Saturday 06 January 2024 3:48 PM IST

പത്തനംതിട്ട: നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ മോശം പരാമർശത്തിൽ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടി ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ. നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നിർദേശിച്ചത്. പരാമർശത്തിൽ ഫാ.​ മാത്യൂസ് വാഴക്കുന്നം ഖേദം പ്രകടിപ്പിച്ചുവെന്നും ഓർത്തഡോക്സ് സഭ വാർത്താക്കുറിപ്പിൽ അറിയിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നേരിട്ടെത്തി വിശദീകരണം നൽകാനാണ് ഫാ. മാത്യൂസ് വാഴക്കുന്നിനോട് നിർദേശിച്ചിരിക്കുന്നത്.

ബി ജെ പിയിൽ ചേർന്ന് ഫാ. ഷെെജു കുര്യനെതിരെ മാദ്ധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിന് സിപിഎം സഹയാത്രികൻ കൂടിയായ ഫാ. മാത്യൂസ് വാഴക്കുന്നതിനോട് നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വ മാർ നിക്കോദിമോസ് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്തുവന്നത്. ഭദ്രാസനാധിപന്റെ ചെയ്തികൾ പുറത്തുവിടുമെന്ന് ശബ്‌ദരേഖയിൽ ഫാ. മാത്യൂസ് വാഴക്കുന്നം പറയുന്നുണ്ട്.

ഫാ. ഷെെജു കുര്യനെതിരെ നൽകിയ പരാതിയും പിന്നാലെ പുറത്തുവന്നിരുന്നു. റിയൽ എസ്റ്റേറ്റ് ഇടപാടുകളും സ്വഭാവദൂഷ്യ ആരോപണങ്ങളും അടക്കമുള്ള കാര്യങ്ങൾ പരാതിയിലുണ്ട്. വ്യാജവൈദികനെ പള്ളിയിൽ ഇറക്കിയെന്നും പരാതിയിൽ ആരോപണമുണ്ട്. വെെദികരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ അടക്കം ഈ പരാതിയും ശബ്ദരേഖയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വൈദികർ അച്ചടക്കം ലംഘിക്കുന്നതിനെതിരെ നേരത്തെ ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കല്പനയിറക്കിറക്കിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിക്കുന്ന നിലയിലാണ് വൈദികർക്കിടയിലെ പരസ്പര ആരോപണപ്രത്യാരോപണങ്ങൾ നടക്കുന്നത്.

അതേസമയം,​ ബി ജെ പിയിൽ ചേർന്ന ഫാ ഷൈജു കുര്യനെ ഭദ്രാസനം സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തുടർന്ന് സെക്രട്ടറിയുടെ ചുമതല സൺഡേ സ്കൂൾ വൈസ് പ്രസിഡന്റിന് നൽകി. ഷൈജു കുര്യന്റെ നിലപാട് സംബന്ധിച്ച് ഭദ്രാസന കൗൺസിൽ നിയോഗിച്ച അന്വേഷണ കമ്മിഷൻ രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. അതുവരെ എല്ലാ പദവികളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി.കോന്നിയിലെ സഭയുടെ ഭൂമി സ്വകാര്യ ട്രസ്റ്റ് രൂപീകരിച്ച് കൈക്കലാക്കി,​ സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ചു,​ മുതിർന്ന വൈദികരെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ.