അമേരിക്കയിൽ ക്ലാസെടുക്കാൻ ഇടപ്പള്ളിയിലെ സ്കൂൾക്കുട്ടി, എ.ഐയിൽ പ്രാവീണ്യം, സ്വന്തമായി റോബോട്ട്

Sunday 07 January 2024 4:04 AM IST

കൊച്ചി: അമേരിക്കയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ ക്ളാസെടുത്ത് ശ്രദ്ധേയനാവുകയാണ് ഇ‌ടപ്പള്ളി സർക്കാർ സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ. ഫ്യൂച്ചർ ടെക്നോളജിയുമായി ബന്ധപ്പെട്ട ഓൺലൈൻ ക്ളാസിൽ സഹായിക്കാൻ സ്വന്തമായുണ്ടാക്കിയ റോബോട്ടുമുണ്ട് റൗൾ ജോൺ അജുവിന്.

ഗൂഗിൾ മീറ്റ് വഴിയാണ് യു.എസ്. വിദ്യാർത്ഥികളുമായി ബന്ധപ്പെടുന്നത്. ഇൻസൈറ്റ് ഫോർ കിഡ്സ് എന്ന സ്കൂളാണ് സേവനം പ്രയോജനപ്പെടുത്തുന്നത്. നാൽപതോളം വിദ്യാർത്ഥികളുള്ള ക്ലാസുകളിൽ വച്ചിരിക്കുന്ന സ്ക്രീനിൽ പ്രൊജക്ട‌ർ വഴി അവർക്ക് റൗളിനെ തത്സമയം കാണാനാകും. രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ റൗളിന്റെ ആശയങ്ങൾ കേൾക്കുന്നു. നിർമ്മിതബുദ്ധിയുടെ പ്രവണതകളെയും പ്രയോജനങ്ങളെയുംകുറിച്ചാണ് വിശദീകരിക്കാറുള്ളത്.

നോർത്ത് ഇടപ്പള്ളി ഗവ. വി.എച്ച്.എസ്.എസ് വിദ്യാർത്ഥിയായ റൗളിന് മൂന്നുവർഷം മുമ്പാണ് ഫ്യൂച്ചർ ടെക്നോളജിയിൽ താത്പര്യമേറിയത്. ശാസ്ത്രസൈറ്റുകളിൽ കണ്ട കാര്യങ്ങൾ ക്രമേണ പ്രാവ‌ർത്തികമാക്കി. മാസങ്ങളുടെ പ്രയത്നത്തിൽ 'മീബോട്ട്" പിറന്നു.

ആദ്യം കമ്പ്യൂട്ടർ ഗെയിം പോലെ രൂപപ്പെടുത്തിയ റോബോട്ട് പിന്നീട് എ.ഐ സഹായത്തോടെ ജീവസ്സുറ്റതാക്കി. ഏതുചോദ്യത്തിനും ഉത്തരം പറയുന്ന മീബോട്ടിന് ചലിക്കാനും കണ്ണുചിമ്മാനുമാകും.

ഫ്യൂച്ചർ ടെക്നോളജിയിൽ തന്റെ അറിവുകൾക്ക് പലരും ചെവികൊടുത്തതോടെ റൗൾ ജോൺ യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. സങ്കീർണമായ കാര്യങ്ങൾ ഗെയിം ശൈലിയിൽ അവതരിപ്പിക്കും. ക്ലബ്ഹൗസിലെ ചർച്ചകൾക്കിടെയാണ് വിദേശത്തെ സ്റ്റഡി പ്ലാറ്റ്ഫോമുകൾ റൗളിന്റെ കഴിവുകൾ തിരിച്ചറിഞ്ഞത്.

അവധിദിവസങ്ങളിലാണ് അമേരിക്കൻ വിദ്യാർത്ഥികൾക്കുള്ള ക്ളാസ്. ഉറങ്ങുന്ന സമയത്താണ് ചോദ്യങ്ങൾ വരുന്നതെങ്കിൽ റൗളിന്റെ ശബ്ദത്തിൽ റോബോട്ട് ഉത്തരം കൊടുക്കും.

ഇടപ്പള്ളി അമ‌ൃതനഗറിൽ അജു ജോസഫിന്റെ മകനാണ്. അമ്മ: ഷേബ ആൻ.

മീബോട്ട്

മീബോട്ട് എന്നു പേരിട്ട റൗളിന്റെ റോബോട്ടിന്റെ ബോഡി മൾട്ടിവു‌ഡ് കൊണ്ടാണ്. സഹപാഠി സെയ്ദാണ് ബോഡി നിർമ്മിക്കാൻ സഹായിച്ചത്. ചക്രമുള്ള തട്ടിലുറപ്പിച്ച് ചലനം സാദ്ധ്യമാക്കി. മീബോട്ട് കൈകളും അനക്കും. കണ്ണും നെഞ്ചും അടങ്ങുന്ന ഭാഗം ഡി‌ജിറ്റൽ ഗാഡ്ജറ്റുകളാണ്. കാൺവ എ.ഐ, അൺറിയൽ എൻജിൻ, ഇൻവേൾഡ് എ.ഐ എന്നിവയിലാണ് പ്രവർത്തനം. സംശയങ്ങൾക്ക് റൗളിന്റെ ശബ്ദത്തിലാണ് മറുപടി. പ്രകോപന ചോദ്യമാണെങ്കിൽ അതേനാണയത്തിലാകും ഉത്തരം. സഹപാഠി സെയ്ദ് ഹസന്റെ സഹായത്തോടെ നി‌ർമ്മിച്ച മീബോട്ട് സ്കൂൾ ശാസ്ത്രമേളയിൽ ശ്രദ്ധേയമായിരുന്നു.

അടുത്തലക്ഷ്യം

അംഗപരിമിതർക്കുള്ള ഡ്രോൺ ആണ് പുതുവർഷ ലക്ഷ്യം. പണിപ്പുരയിലാണ്. കാഴ്ചയില്ലാത്തവർക്ക് കണ്ണായും ശബ്ദമില്ലാത്തവരുടെ നാവായും ഒപ്പം പറക്കും. സ്മാർട്ട് വാച്ചിലൂടെ ഡ്രോണിനെ നിയന്ത്രിക്കാനാകും.

Advertisement
Advertisement