ആദിത്യയിൽ ഇനിയും 100 കിലോഗ്രാം ഇന്ധനം, ഭ്രമണപഥം മെച്ചപ്പെടുത്താൻ ഐ.എസ്.ആർ.ഒ

Monday 08 January 2024 12:00 AM IST

തിരുവനന്തപുരം: ഭൂമിയിൽ നിന്ന് 1 5 ലക്ഷം കിലോമീറ്റർ അകലെയുള്ള ലെഗ്രാഞ്ച് പോയിന്റിൽ വിജയകരമായി എത്തിയ ഇന്ത്യയുടെ ആദിത്യ എൽ-1 പേടകത്തിന്റെ ഭ്രമണപഥം സുരക്ഷിതവും കൃത്യതയാർന്നതുമായ നിലയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾക്ക് ഐ.എസ്.ആർ.ഒ. തുടക്കം കുറിച്ചു.

വാർത്താവിനിമയത്തിനുള്ള ശക്തമായ ബന്ധത്തിനായി കാത്തിരിക്കുകയാണ് ഐ.എസ്.ആർ.ഒയുടെ ബംഗളൂരുവിലെ ടെലിമെട്രിക് സെന്റർ. അത് സ്ഥാപിച്ചുകഴിഞ്ഞാൽ പേടകത്തിലെ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം ക്രമീകരിക്കുക.

ആദ്യ സിഗ്നലിനായി കാത്തിരിക്കുകയാണെന്ന് ഇന്നലെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ആദിത്യ എൽ.1 ടീമിലെ പ്രമുഖനും എൽ.പി.എസ്.സി.ഡയറക്ടറുമായ ഡോ.വി.നാരായണൻ പറഞ്ഞു. സിഗ്നൽ എപ്പോൾ ലഭിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല.

ആദിത്യയിൽ ഇപ്പോൾ 100 കിലോഗ്രാമോളം ഇന്ധനം ശേഷിക്കുന്നതായി ഐ.എസ്.ആർ.ഒ. അറിയിച്ചു. അഞ്ച് വർഷം ലെഗ്രാഞ്ചിൽ തുടരാനും തിരുത്തലുകൾ നടത്താനും 60 കിലോഗ്രാം മതിയാകും.

ഏഴു കിലോമീറ്ററോളം നീളവും രണ്ടു കിലോമീറ്ററോളം വീതിയും ഒരു കിലോമീറ്റർ ഉയരവും വരുന്ന ത്രിമാന ഭ്രമണപഥത്തിലാണ് ആദിത്യ ചുറ്റുക.അതോടൊപ്പം ഭൂമിയുടെ ഭ്രമണത്തിന് അനുസൃതമായി സൂര്യന് ചുറ്റും നീങ്ങുകയും ചെയ്യും.

ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ആദിത്യ എൽ.1 ലെഗ്രാഞ്ച് പോയിന്റിലെ ലക്ഷ്യത്തിലെത്തിയത്. സെപ്തംബർ രണ്ടിനാണ് പേടകം വിക്ഷേപിച്ചത്. സൂര്യനെ നിരീക്ഷിക്കാനുതകുന്ന ഏഴ് ശാസ്ത്രീയ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്.

ആദിത്യയുടെ വിജയം രാജ്യത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാണെന്ന് എൽ.പി.എസ്.സി.ഡയറക്ടർ ഡോ.വി.നാരായണൻ പറഞ്ഞു. ആദിത്യ എൽ വൺ ദൗത്യത്തിൽ നിർണായക പങ്ക് വഹിക്കാൻ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന് കഴിഞ്ഞു. 2024-25 ഗഗൻയാന്റെ വർഷമാണ്. അടുത്ത ജി.എസ്.എൽ.വി വിക്ഷേപണതിനും രാജ്യം സജ്ജമാണ്. രാജ്യത്തിന്റെ സ്‌പേസ് സ്റ്റേഷൻ 2035ഓടെ യാഥാർത്ഥ്യമാകും. ഈ വർഷം ആളില്ലാതെ റോക്കറ്റ് പരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.