വേമ്പനാട്ട് കായലിന്റെ ജലസമ്പത്ത് കുറഞ്ഞു 60 ഇനം മത്സ്യങ്ങളെ കാണ്മാനി​ല്ല!

Monday 08 January 2024 1:31 AM IST
വേമ്പനാട്ട് കായലിന്റെ ജലസമ്പത്ത് കുറഞ്ഞു

കൊച്ചി: വൻതോതിലുള്ള കൈയേറ്റവും നശീകരണവും മൂലം വേമ്പനാട്ട് കായലിന്റെ ജലസംഭരണ ശേഷിയും മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞതായി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) യുടെ പഠന റിപ്പോർട്ട്.

കായലിന്റെ സംഭരണശേഷയിൽ 120 വർഷംകൊണ്ട് 85.3 ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം കൈയേറ്റം മൂലം കായൽ വിസ്തൃതിയിൽ 43.5 ശതമാനം നഷ്ടപ്പെട്ടു. കായലിന്റെ അടിത്തട്ടിൽ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയതായും കണ്ടെത്തിയിട്ടുണ്ട്.

കേരള സർക്കാരിന്റെ നിർദ്ദേശ പ്രകാരം കുഫോസിലെ സെന്റർ ഫോർ അക്വാറ്റിക് റിസോഴ്‌സസ് മാനേജ്‌മെന്റ് ആൻഡ് കൺസർവേഷനാണ് അഞ്ച് വർഷം കൊണ്ട് പഠനം നടത്തിയത്

ഈ മാസം 12 മുതൽ 14 വരെ കുഫോസിൽ നടക്കുന്ന ഇന്റർനാഷണൽ ഫിഷറീസ് കോൺഗ്രസിൽ വേമ്പനാട്ട് കായലിന്റെ ശോച്യാവസ്ഥയും നശീകരണ തോതും പ്രധാന ചർച്ചാവിഷയമാകും. ദുർഘടാവസ്ഥയിൽ നിന്ന് കായലിനെ എങ്ങിനെ രക്ഷിക്കാം എന്നതാണ് അന്താരാഷ്ട്ര ഫിഷറീസ് കോൺഗ്രസ് ചർച്ച ചെയ്യുകയെന്ന് കുഫോസ് വൈസ് ചാൻസലറും കോൺഗ്രസിന്റെ മുഖ്യരക്ഷാധികാരിയുമായ ഡോ.ടി. പ്രദീപ് കുമാർ പറഞ്ഞു.

 കായലിന്റെ സംഭരണശേഷി

120 വർഷം കൊണ്ട് 85.3 ശതമാനം കുറഞ്ഞു. 1900 ൽ 2617.5 മില്യൻ ക്യൂബിക് മീറ്ററായിരുന്ന സംഭരണ ശേഷി 2020 ൽ 387.87 മില്യൺ ക്യൂബിക് മീറ്ററിലേക്ക് കൂപ്പുകുത്തി

 കൈയേറ്റം

ഇതേകാലയളവിൽ 158.7 ചതുശ്രകിലോമീറ്റർ കായലാണ് കൈയേറ്റക്കാർ നികത്തിയത് ( 43.5 ശതമാനം കായൽ ഇല്ലാതായി). 1900 ൽ 365 ചതുശ്രകിലോമീറ്ററായിരുന്ന കായൽ വിസ്തൃതി 2020 ആയപ്പോഴേക്കും 206.30 ചതുശ്രകിലോമീറ്ററായി കുറഞ്ഞു.

 അടിത്തട്ടിലെ മാലിന്യങ്ങൾ

കായലിന്റെ അടിത്തട്ടിലുള്ളത് 3005 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ

 മത്സ്യസമ്പത്ത്

കായലിന്റെ ആഴത്തിൽ ഗണ്യമായ കുറവ് ഉണ്ടായതും സംഭരണ ശേഷി കുറയാൻ കാരണമായി. അര നൂറ്റാണ്ടിനിടയിൽ വേമ്പനാട്ട് കായലിൽ നിന്ന് 60 ഇനം മത്സ്യങ്ങൾ അപ്രത്യക്ഷമായി. 1980 ൽ 150 സ്പീഷ്യസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഇപ്പോഴുള്ളത് 90 ഇനങ്ങൾ മാത്രം.

Advertisement
Advertisement