ആളുമാറി സംസ്കാരം: ഡി.എൻ.എ ടെസ്റ്റ് നടത്തും

Monday 08 January 2024 12:00 AM IST

പത്തനംതിട്ട: ആളു മാറി മൃതദേഹം സംസ്‌കരിച്ച സംഭവത്തിൽ ഡി.എൻ.എ പരിശോധനയ്ക്ക് പൊലീസ് അനുമതി തേടും. കഴിഞ്ഞ 30ന് നിലയ്ക്കലിന് സമീപം ആര്യാട്ടുകവലയിൽ റോഡരികിൽ കണ്ടെത്തിയ മൃതദേഹമാണ് മഞ്ഞത്തോട് ആദിവാസി കോളനിയിൽ രാമൻ ബാബുവന്റേതാണെന്ന തെറ്റിദ്ധാരണയിൽ സംസ്‌കരിച്ചത്. രാമൻ ബാബു (75) കഴിഞ്ഞ ദിവസം മടങ്ങിവന്നതോടെയാണ് അബദ്ധം പുറംലോകം അറിഞ്ഞത്.

രാമന്‍ ബാബുവിന്റെ എഴ് മക്കളും തിരിച്ചറിഞ്ഞതിനാലാണ് വഴിയരികിൽ കണ്ടെത്തിയ മൃതദേഹം വിട്ടുനല്‍കിയതെന്ന് നിലയ്ക്കൽ പൊലീസ് പറഞ്ഞു. മണത്തറ മഞ്ഞത്തോട് കോളനിയിൽ സംസ്‌കരിട്ടു. ആനയുടെ ആക്രമണത്തിൽ മരിച്ചതാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, മരണ കാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റുമോർട്ടത്തില്‍ സ്ഥിരീകരിച്ചു. കുഴിയിൽ മറവു ചെയ്ത മൃതദേഹം പുറത്തെടുക്കാൻ ആർ.ഡി.ഒയുടെ അനുമതി വേണം. ഇതിനുള്ള നടപടി പൊലീസ് ഇന്ന് ആരംഭിക്കും. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

തിരിച്ചെത്തിയത്

മരണ വിവരമറിഞ്ഞ്

ളാഹ മഞ്ഞത്തറ കോളനിയിലേക്ക് രാമൻബാബു തിരിച്ചെത്തിയപ്പോൾ മക്കളും പ്രദേശവാസികളുമാണ് ആദ്യം ഞെട്ടിയത്. താൻ മരിച്ചതായും മൃതദേഹം സംസ്‌കരിച്ചതായുമുള്ള വിവരം കോളനിയിൽ എത്തും മുമ്പേ രാമൻ ബാബു അറിഞ്ഞിരുന്നു. കൊക്കാത്തോട്ടിലായിരുന്ന രാമൻ ബാബുവിനെ ആദ്യം തിരിച്ചറിഞ്ഞത് ഫോറസ്റ്റ് വാച്ചറായ മനുവാണ്. മനുവിൽ നിന്ന് തന്റെ മരണ വാർത്ത അറിഞ്ഞ രാമൻബാബു വീട്ടിലേക്ക് വരുകയായിരുന്നു. വനത്തിലൂടെയും മറ്റും അലഞ്ഞു നടക്കുന്ന പ്രകൃതക്കാരനാണ് രാമൻബാബു.