ഇല്ലം നിറച്ച് കണ്ണൂർ

Tuesday 09 January 2024 12:06 PM IST

കൊല്ലം: സമയം ഉച്ച പിന്നിട്ടതോടെ പോയിന്റ് നില മാറിമറിഞ്ഞു. കണ്ണൂരും കോഴിക്കോടും വാശിയോടെ മുന്നിലേക്ക്. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ജനസാഗരം.

15 വർഷത്തിന് ശേഷം കിട്ടിയ കലയുടെ മഹോത്സവം വിട്ടുകൊടുക്കാൻ മനസില്ലാതെ കൊല്ലത്തുകാർക്ക് ആവേശം. അവാസാന നിമിഷം വരെ ലീഡ് നില മാറിമറിഞ്ഞു. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ ഉദ്യോഗത്തിനെടുവിൽ കണ്ണൂർ സ്ക്വാഡ് കപ്പടിച്ചു. സിനിമയിൽ എ.എസ്.ഐ ജോർജ് മാ‌ർട്ടിനായി കിടുക്കിയ മെഗാസ്റ്റാർ മമ്മൂട്ടിയിൽ നിന്ന് കുട്ടികൾ കപ്പ് ഏറ്റുവാങ്ങുന്നു. ആതിഥേയരായ കൊല്ലം ആർത്തുവിളിക്കുന്നു.

കൊല്ലത്തെ വേദികളിൽ അപൂർവമായി മാത്രം എത്തുന്ന കൂടിയാട്ടം, യക്ഷഗാനം, പരിചമുട്ടുകളി, കൂത്ത്... പിന്നെ, കലോത്സവ ചരിത്രത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഗോത്രകലയായ മംഗലംകളി ഇവയെല്ലാം കൊല്ലത്തുകാർക്ക് ഓർമ്മകളുടെ മാരിവില്ല് സമ്മാനിച്ചു.

എവിടേക്ക് തിരിഞ്ഞാലും പാട്ടും നൃത്തവും. 23 വേദികൾ, 239 മത്സരയിനങ്ങൾ. പതിനയ്യായിരത്തോളം മത്സരാർത്ഥികൾ... സാധാരണ സ്കൂൾ കലോത്സവം തെക്കെത്തിയാൽ ആസ്വദിക്കാൻ ആള് കുറയുമെന്നുള്ള പ്രചാരണത്തിന്റെ മുന ആദ്യദിനം തന്നെ ദേശിംഗനാട് ഒടിച്ചു. തിരുവിതാംകൂറിൽ ആദ്യം വിമാനമിറങ്ങിയ ആശ്രാമം മൈതാനം കഴിഞ്ഞ അഞ്ചുനാൾ ഉറങ്ങിയിട്ടില്ല. മന്ത്രി കെ.എൻ.ബാലഗോപാൽ ചെയ‌‌ർമാനായുള്ള സംഘടാക സമിതിയുടെ വിജയം കൂടിയാണിത്.

സൗജന്യ 'കലോത്സവ വണ്ടികൾ' വേദികളിൽ നിന്ന് വേദികളിലേക്ക് കുതിച്ചു. പഴയിടം മോഹനൻ നമ്പൂതിരി രുചിക്കൂട്ടൊരുക്കി. മൺകൂജകളിലെ തണുത്ത വെള്ളം ദാഹമകറ്റി. തട്ടുകടകളിലും ഹോട്ടലുകളിലും കച്ചവടം പൊടിപൊടിച്ചു. കൊല്ലവർഷം പിറന്ന മണ്ണ് കൗമാര കേരളത്തോട് പറഞ്ഞു, നന്ദി ആണ്ടിന്റെ നല്ലൊരു തുടക്കം സമ്മാനിച്ചതിന്. കൗമാരം കൊല്ലത്തോടും നന്ദി പറഞ്ഞാണ് മടങ്ങിയത്. ഞങ്ങളെ കേട്ടതിന്, ആസ്വദിച്ചതിന്, പ്രോത്സാഹിപ്പിച്ചതിന്...നന്ദി കൊല്ലം!.

Advertisement
Advertisement