പരിശോധനയുടെ പേരില്‍ പീഡനം, നിയമപരമായി സര്‍വീസ് നടത്തിയിട്ടും ഉപദ്രവിക്കുന്നുവെന്ന് റോബിന്‍ ബസ് ഉടമ

Monday 08 January 2024 8:38 PM IST

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ റോബിന്‍ ബസ് ഉടമ ഹൈക്കോടതിയില്‍. തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി അതിന്റെ പേരില്‍ പീഡിപ്പിക്കുന്നവെന്നാണ് ബസ് ഉടമ ഹൈക്കോടതിയില്‍ പറഞ്ഞത്.

നിയമപരമായി സര്‍വീസ് നടത്തുകയാണ് ചെയ്യുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയിട്ടും പരിശോധനയുടെ മറവില്‍ പീഡനമനുഭവിക്കുകയാണെന്നാണ് ബസ് ഉടമ ബേബി ഗിരീഷ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

നിയമപരമായി സര്‍വീസ് നടത്തുന്നതിനെ തടയാനും ബുദ്ധിമുട്ടിക്കാനും ലക്ഷ്യമിട്ടാണ് മോട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയെന്ന പേരില്‍ നടപടി സ്വീകരിക്കുന്നതെന്നും ഗിരീഷ് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

ബസ് ഉടമയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി ഗതാഗത സെക്രട്ടറിയോട് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃതമായി സര്‍വീസ് നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ്. എംവിഡി ബസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പും ബസ് കസ്റ്റഡിയിലെടുത്തിരുന്നു.

പിന്നീട് കോടതി ഉത്തരവ് മുഖേനയാണ് ബസ് പുറത്തിറക്കിയത്. നിയമപരമായി സര്‍വീസ് പുനരാരംഭിച്ചപ്പോഴും പരിശോധനകളുമായി മോട്ടോര്‍ വാഹന വകുപ്പ് ബസിനെ പിന്തുടര്‍കയാണെന്നാണ് ബസ് ഉടമ ചൂണ്ടിക്കാണിക്കുന്ന പ്രധാന പരാതി.