കലാകാരന്മാർക്കായി മോഡൽ സ്കൂൾ അടുത്ത കലോത്സവം പരിഷ്കരിച്ച മാന്വലിൽ: വി. ശിവൻകുട്ടി
കൊല്ലം: സ്പോർട്സ് സ്കൂൾ മാതൃകയിൽ കലാവാസനയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനായി മോഡൽ സ്കൂളുകൾ ആരംഭിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. സാധാരണക്കാരായ കുട്ടികൾക്ക് ശാസ്ത്രീയ നൃത്തം പോലുള്ളവ പഠിക്കാൻ ബുദ്ധിമുട്ടുണ്ട്. അത്തരക്കാരുടെ കലാവാസനങ്ങൾ പരിപോക്ഷിക്കാനാണ് സ്കൂളുകൾ തുടങ്ങുകയെന്നും അദ്ദേഹം 'കേരളകൗമുദി'യോടു പറഞ്ഞു.
പരിഷ്കരിച്ച മാന്വൽ പ്രകാരമായിരിക്കും അടുത്ത വർഷത്തെ സ്കൂൾ കലോത്സവം നടത്തുക. അല്ലാതെ രക്ഷയില്ല. നിലവിൽ മുൻസിഫ് കോടതി, ജില്ലാ കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ നിന്നെല്ലാം അപ്പീലുകൾ അനുവദിക്കുകയാണ്. സംഘാടകരെ കേൾക്കാതെയാണ് അപ്പീൽ അനുവദിക്കുന്നത്. 14 ജില്ലയിൽ നിന്നും ഓരോ ടീം വന്നാൽ മത്സരം സമയത്തിനു തീർക്കാം ഇരട്ടിപേർ വന്നാലോ?പാവപ്പെട്ടവന് അപ്പീലിനു പോകാനാകില്ല. 50,000രൂപയെങ്കിലും വേണം. പരാജയപ്പെട്ടവരെല്ലാം അപ്പീലിനു പോവുകയും അത് അനുവദിക്കുയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ എന്തു ചെയ്യും.
സ്കൂൾതലം മുതലുള്ള മത്സരങ്ങൾ കുറ്റമറ്റതാക്കിയാലേ പരാതികൾ കുറയൂ. അതാത് സ്കൂളിലെ അദ്ധ്യാപകരാണ് സ്കൂളുകളിലെ വിജയിയെ തീരുമാനിക്കുന്നത്. ഇതിൽ പക്ഷപാതം വരാം. അതുകൊണ്ടു തന്നെ സ്കൂൾ തലം മുതൽ നീരീക്ഷണ സംവിധാനം കൊണ്ടു വരും. സ്കൂൾതല കലോത്സവ നടത്തിപ്പ് ചുമതല മറ്റൊരു സ്കൂളുകളിലെ അദ്ധ്യാപകരെ ഏൽപ്പിക്കാനും ആലോചിക്കുന്നുണ്ട്. സബ്ജില്ല, ജില്ലാതല മത്സരഫലത്തെ ചൊല്ലിയാണ് ഏറെയും പരാതികൾ അപ്പീൽ കമ്മിറ്റിയാണ് അപ്പീലുകൾ അനുവദിക്കുന്നത്. ഇനി അനുവദിക്കുന്ന അപ്പിലുകളെ കുറിച്ച് അന്വേഷണം നടത്തും. കുറ്റക്കാരെന്നു കണ്ടാൽ അപ്പീൽ കമ്മിറ്റിക്കെതിരെ നടപടിയെടുക്കും.
വിദ്യാർത്ഥികൾ, കലാകാരന്മാർ, ഈ രംഗം കൈകാര്യം ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർ എന്നിവരുടെയെല്ലാം അഭിപ്രായം സ്വരൂപിച്ച ശേഷമാകും മാന്വൽ പരിഷ്കാരമെന്നും മന്ത്രി പറഞ്ഞു.
----
കൊല്ലം കലോത്സവം വിജയം
കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് കൊല്ലം കലോത്സവം വിജയമായത്. കൊല്ലത്തെ എം.എൽ.എമാരും സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും മാദ്ധ്യമങ്ങളുമെല്ലാം വളരെ നന്നായി സഹകരിച്ചു.
ജാഗ്രതയോടെയാണ് സംഘാടക സമിതി പ്രവർത്തിച്ചത്. ചെറിയ കാര്യങ്ങളിൽ പോലും ഞങ്ങൾ ഇടപെട്ടു. എല്ലാദിവസവും കൺവീനർമാരുടെ യോഗം ചേർന്ന് വിലയിരുത്തൽ നടത്തി. ഭക്ഷണം, താമസം, വാഹന സൗകര്യം എല്ലാം കുറ്റമറ്റരീതിയിൽ ഒരുക്കി. ഒരുതരത്തിലുള്ള പ്രതിഷേധങ്ങളും ഉണ്ടായില്ല.വിധികർത്താക്കളെ കുറിച്ചുള്ള ആക്ഷേപം ഒഴിവാക്കുന്നതിനാണ് വിജിലൻസിന്റെ നീരീക്ഷണത്തിൽ കൊണ്ടു വന്നു.
----
ഗ്രേസ് മാർക്ക് കുറയ്ക്കില്ല
കലോത്സവത്തിന് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സ്പെഷ്യൽ ഫണ്ട് ഉണ്ടാക്കും. ഗ്രേസ് മാർക്ക് കുറയ്ക്കുന്നതിനെ കുറിച്ചൊന്നും ആലോചിക്കുന്നില്ല.