പൊണ്ണത്തടി കുറയ്ക്കാൻ ഒസെംപിക് വിദേശത്തുനിന്ന് ഒഴുകുന്നു
തിരുവനന്തപുരം : വിദേശരാജ്യങ്ങളിൽ പ്രമേഹത്തിന് ഉപയോഗിക്കുന്ന ഒസെംപിക് മരുന്ന് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുമെന്നതിനാൽ കേരളത്തിലും ആവശ്യക്കാർ കൂടുന്നു. ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ വിദേശത്തുനിന്നാണ് എത്തുന്നത്.
മൂന്നു മാസത്തിനുള്ളിൽ അതിശയകരമായ രീതിയിൽ വണ്ണം കുറയുമെന്നതാണ് പ്രധാന ആകർഷണം. ഒരു ഡോസിന് 75,000 രൂപവരെ വിലയുള്ളതിനാൽ സമ്പന്നരുടെ മരുന്ന് എന്നാണ് വിശേഷിപ്പിക്കുന്നത്. വിദേശരാജ്യങ്ങളിൽ സൂപ്പർതാരങ്ങൾ ഉൾപ്പെടെ ഇത് ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രമേഹത്തിനുള്ള ഒസെംപിക് കൂടിയ അളവിൽ ഇൻക്ഷനായി നൽകുന്നതാണ് വണ്ണം കുറയാൻ ഫലപ്രദം.
കുത്തിവയ്പ്പിനുള്ള മരുന്ന് പ്രമേഹരോഗികൾക്ക് ഒസെംപിക് എന്ന പേരിലും അമിതവണ്ണമുള്ളവർക്ക് വിഗോവി എന്ന പേരിലുമാണ് വിദേശത്ത് വിപണിയിലുള്ളത്. ഓക്കാനം , ഛർദ്ദി , കടുത്ത ഗ്യാസ്‌ട്രൈറ്റിസ് തുടങ്ങിയ പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ലഭ്യമല്ലാത്തിനാൽ ഡോക്ടർമാർ നിർദ്ദേശിക്കാറില്ല. എന്നാൽ, യു.എ.ഇ, യു.എസ്.എ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലുൾപ്പെടെ വ്യാപകമായി എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. കേരളത്തിലെ ചില മാർക്കറ്റിംഗ് കമ്പനികളും ലഭ്യമാക്കുന്നുണ്ട്. ഫാർമ കമ്പനിയായ നോവോ നോർഡിസ്‌കാണ് മരുന്നുകൾ നിർമ്മിക്കുന്നത്.
ഇന്ത്യയിൽ റൈബെൽസസ്
ഒസെംപികിന്റെ ഗുളിക രൂപമായ റൈബെൽസസ് കേരളത്തിലുൾപ്പെടെ ലഭ്യമാണ്. എന്നാൽ വണ്ണം കുറയാൻ ഒസെംപികിനെ അപേക്ഷിച്ച് കാര്യക്ഷമത കുറവാണ്. ഇതിന് പതിനായിരം രൂപവരെ വിലയുണ്ട്. ലിറാഗ്ലൂറൈഡായ സക്സെൻഡ പോലുള്ള മരുന്നുകൾ വണ്ണം കുറയ്ക്കാനെന്ന പേരിൽ ഇന്ത്യയിൽ ലഭ്യമാണ്.
ഒസെംപിക് ഇൻജക്ഷൻ ഭാരം കുറയാൻ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അഞ്ചുവർഷത്തിനുള്ളിൽ സമാനമായ കൂടുതൽ മരുന്നുകൾ വിപണിയിൽ എത്തുന്നതോടെ അമിതവണ്ണത്തിന്റെ ചികിത്സയിൽ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.
-ഡോ. അഭിലാഷ് നായർ
അസോസിയേറ്റ് പ്രൊഫസർ,
എൻഡോക്രൈനോളജി വിഭാഗം
തിരുവനന്തപുരം മെഡിക്കൽ കോളേജ്.