തിരുനെല്ലിയിലെ നെൽകർഷകർ കണ്ണീർക്കയത്തിൽ

Tuesday 09 January 2024 12:28 AM IST

തിരുനെല്ലി: കാലം തെറ്റി പെയ്ത മഴ കാരണം തിരുനെല്ലി പഞ്ചായത്തിലെ ഹെക്ടർ കണക്കിന് നെൽകർഷകർ കണ്ണീർക്കയത്തിൽ. വിളവെടുപ്പിനായുളള ആറുമാസത്തെ കാത്തിരിപ്പ് വെറുതെയായി.കാലം തെറ്റി പെയ്ത മഴയിൽ നെല്ലുമില്ല,പുല്ലുമില്ലെന്ന അവസ്ഥ.കൊയ്തിട്ട നെല്ലുകളാണ് വയലിൽ വെളളം കയറി പാടെ നശിച്ചത്.പലരുടെയും നെല്ല് വയലിൽ വച്ച് തന്നെ മുളക്കുകയും ചെയ്തു.വിത്തിട്ട്, ഞാറ് നട്ട്,കൊയ്യാറായപ്പോഴാണ് കാലം തെറ്റി മ‌ഴ വന്നത്. വയനാടിന്റെ നെല്ലറയെന്ന് പേരുകേട്ട തിരുനെല്ലിയിലെ പാടങ്ങളിൽ നിന്ന് ഉയരുന്നത് കണ്ണീരിന്റെ കഥകൾ മാത്രം.

ആറുമാസം കണ്ണിലെ കൃഷ്ണമണിപോലെയാണ് നെൽവയലുകളിൽ ഏറുമാടം കെട്ടി നെൽകൃഷിക്ക് കാവലിരുന്നത്. കണ്ണൊന്ന് തെറ്റിയാൽ വനത്തിൽ നിന്ന് കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങൾ കാടിറങ്ങിവന്ന് നെല്ലുകൾ നശിപ്പിക്കും. അങ്ങനെ സംരക്ഷിച്ച ഹെക്ടർ കണക്കിന് നെല്ലുകളാണ് അകാലത്തിൽ പെയ്ത മഴയിൽ കുതിർന്ന് മുളച്ച് തുടങ്ങിയത്. മഴ കാരണം കൊയ്തിട്ട നെൽകതിരുകൾ കരയിലേക്ക് കയറ്റാൻ കഴിയാതെ വയലിൽ തന്നെ കിടപ്പാണ്. കഴിഞ്ഞ നാല് ദിവസമായി തിരുനെല്ലിയിലെങ്ങും ഒരേ മഴയാണ്. കൊയ്തിട്ട് വയലിൽ വച്ച് തന്നെ മുളച്ച നെല്ലുകൾ കാലിത്തീറ്റയ്ക്ക് പോലും പറ്റാത്ത അവസ്ഥയിലായി. പൊതു മാർക്കറ്റിൽ ക്വിന്റലിന് 2400 രൂപയോളം വിലയുണ്ട്. സപ്ളൈകോ 2800 രൂപയ്ക്കാണ് നെല്ല് എടുക്കുന്നത്. എന്നാൽ ഇത്തവണ തിരുനെല്ലി പഞ്ചായത്തിലെ നെൽകർഷകർക്ക് ഒരു മണി നെല്ല് പോലും വിൽക്കാനില്ല. എല്ലാം വെളളത്തിലായി. തിരുനെല്ലി,അപ്പപ്പാറ,ചെറുമാത്തൂർ,ആക്കൊല്ലി,കൊല്ലിമൂല ഭാഗങ്ങളിൽ കൊയ്തിട്ട നെല്ലുകൾ മുളച്ചതായി കാണാം. ഇനി ഒന്നിനും ഇവ പറ്റില്ല. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും വായ്പയെടുത്ത് കൃഷിയിറക്കിയവരാണ് തിരുനെല്ലി പഞ്ചായത്തിലെ ഭൂരിപക്ഷം കർഷകരും. അതിൽ ഏറെയും പാവപ്പെട്ട കർഷകർ.വയലിൽ നിന്ന് കരക്കെത്തിക്കുന്ന നെല്ലുകൾ മെതിക്കാൻ പോലും വയ്യെന്നായിരിക്കുന്നു.

ഇന്നലെയും തിരുനെല്ലി പഞ്ചായത്തിലെങ്ങും മഴയാണ്. സൂര്യവെളിച്ചം കഴിഞ്ഞ നാലഞ്ച് ദിവസമായി ഈ മേഖലയിൽ ഉണ്ടായിട്ടില്ല. നെല്ലൊന്ന് ഉണങ്ങാൻ പോലും വെയിലില്ല. പൊതുവെ നെൽകൃഷിയോട് താൽപ്പര്യകുറവുണ്ട്. കൃഷിപ്പണിക്ക് ആളെ കിട്ടാനില്ലെന്നതാണ് മുഖ്യ പ്രശ്നം. ചെലവഴിച്ച കാശ് പോലും നെൽകൃഷിയിൽ നിന്ന് തിരിച്ച് കിട്ടുന്നില്ലെന്നാണ് തിരുനെല്ലിയിലെ മിക്ക കർഷകരും പറയുന്നത്. പല നെൽകർഷകരും ആത്മഹത്യയുടെ വക്കിലാണ്.കടുത്ത വരൾച്ചയിൽ നിന്നാണ് തിരുനെല്ലിയിലെ പാടങ്ങളിൽ നെൽ കർഷകർ ത്യാഗം സഹിച്ച് കൃഷിയിറക്കിയത്. അതാണ് അകാലത്തിൽ പെയ്ത മഴയിൽ ഇല്ലാതായത്.

#

കർഷകന് ഗുണമില്ലാത്ത പരിരക്ഷ

വിളവെടുക്കുന്ന സമയത്ത് മഴ പെയ്താൽ കർഷകൻ കുടുങ്ങിയത് തന്നെ.നെൽകൃഷിക്ക് ഇൻഷൂറൻസ് പരിരക്ഷയുണ്ട്. എന്നാൽ മഴയിൽ കുതിർന്ന നെല്ലിന് അത് ലഭിക്കില്ലെന്ന് മാത്രം.മഴയിൽ നെൽകൃഷി നശിച്ച കർഷകർക്ക് നെൽകൃഷി പരിരക്ഷ വേണമെന്നാണ് കർഷകരുടെ ആവശ്യം.

Advertisement
Advertisement