രഞ്ജിയിൽ സമനില
കേരളത്തിന് ഒരു പോയിന്റ്, ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ യു.പിക്ക് 3 പോയിന്റ്
ആലപ്പുഴ: എസ്.ഡി കോളേജ് ഗ്രൗണ്ട് വേദിയായ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ കേരളവും ഉത്തർപ്രേദേശും സമനിലയിൽ പിരിഞ്ഞു. 383 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം രണ്ടുവിക്കറ്റിന് 72 റൺസ് എന്ന നിലയിലായിരിക്കെയാണ് മത്സരം അവസാനിപ്പിച്ചത്. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ യു.പിക്ക് മൂന്നും കേരളത്തിന് ഒരു പോയിന്റും ലഭിച്ചു. സ്കോർ : യു.പി 302/10, 323/3 ഡിക്ലയേർഡ്. കേരളം 243/10, 72/2.
കേരളത്തിന്റെ ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ യു.പി ബൗളർ അങ്കിത് രജ്പുത് ആണ് കളിയിലെ കേമൻ. 59 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡാണ് യു.പിക്ക് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 219/1 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഉത്തർപ്രദേശ് ആര്യൻ ജുയാലിന് പിന്നാലെ സെഞ്ച്വറി നേടിയ പ്രിയം ഗാർഗിന്റെ കരുത്തിൽ 92.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 323 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു.
ഉത്തർപ്രദേശിന് 22കാരനായ ക്യാപറ്റൻ ആര്യൻ ജുയാലിന്റെ (195 പന്തിൽനിന്ന് 115) വിക്കറ്റാണ് ഇന്നലെ ആദ്യം നഷ്ടമായത്. മൂന്നാം ദിനം റൺസൊന്നും നേടാൻ അനുവദിക്കാതെ ബേസിൽ തമ്പി വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. അർദ്ധശതകം തികച്ചതോടെ പ്രിയം ഗാർഗ് പിന്നീട് ആക്രമിച്ച് കളിച്ചു. ഇതിനിടെ വെളിച്ചക്കുറവിനെ തുടർന്ന് നിർത്തിവെച്ച മത്സരം 45 മിനിറ്റിന് ശേഷമാണ് പുനരാരംഭിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം മൂന്നാം ഓവറിലെ അവസാന പന്തിൽ ബൗണ്ടറി നേടി പ്രിയം ഗാർഗ് (205 പന്തിൽ 106) സെഞ്ചുറി തികച്ചു. എട്ട് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതാണ് ഇന്നിംഗ്സ്. തൊട്ടുപിന്നാലെ ശ്രേയസ് ഗോപാലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ഗാർഗ് പുറത്തായതോടെയാണ് യുപി ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.38 റണ്ണെടുത്ത് അക്ഷ്ദീപ് നാഥ് പുറത്താകാതെനിന്നു.
രണ്ടാം ഇന്നിംഗ്സിൽ 24 ഓവറിൽ കേരളം 72ന് രണ്ട് എന്ന നിലയിൽ നിൽക്കെ ടീബ്രേക്കിൽ ഇരുടീമുകളും മത്സരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കേരളത്തിനായി രോഹൻ എസ് കുന്നുമ്മൽ 64 പന്തിൽ 42 റൺസെടുത്തു (മൂന്ന് ബൗണ്ടറിയും ഒരു സിക്സും). 21-ാം ഓവറിലെ രണ്ടാം പന്തിൽ കുൽദീപ് യാദവിനെ ഓഫ്സൈഡിലേക്ക് കളിച്ച രോഹനെ യാഷ് ദയാൽ പിടികൂടി. മറ്റൊരു ഓപ്പണർ കൃഷ്ണപ്രസാദിന് രണ്ടാം ഇന്നിംഗ്സിലും റൺ ഒന്നും നേടാനായില്ല. സ്പിന്നർ സൗരഭ് കുമാറിന്റെ പന്തിൽ ബൗൾഡായി. രോഹൻ പ്രേമും (55 പന്തിൽ 29), സച്ചിൻ ബേബിയും (15 പന്തിൽ ഒന്ന്) പുറത്താകാതെ നിന്നു.
സഞ്ജു ഇറങ്ങിയില്ല, വിഷ്ണുവിന് പരിക്ക്
അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി -20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയതിനാൽ സഞ്ജു സാംസൺ ഇന്നലെ കളിക്കാൻ ഇറങ്ങിയില്ല. രോഹൻ കുന്നുമ്മലാണ് ടീമിനെ നയിച്ചത്. സഞ്ജുവിന് പകരം അക്ഷയ് ചന്ദ്രൻ ഫീൽഡിംഗിനിറങ്ങി. മത്സരത്തിനിടെ രാവിലെ വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിന് കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് രണ്ടാം വിക്കറ്റ് കീപ്പർ വിഷ്ണു രാജാണ് പകരം ഇറങ്ങിയത്.