സൗദി എണ്ണ കൂടുതൽ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ
കൊച്ചി: ക്രൂഡോയിൽ വില കുത്തനെ കുറച്ചതോടെ സൗദി അറേബ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നതിന് രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ തയ്യാറെടുക്കുന്നു. ഫെബ്രുവരിയിൽ ഡെലിവറി ചെയ്യുന്ന ക്രൂഡിന് 27 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് സൗദി അറേബ്യ ഓഫർ ചെയ്യുന്നത്. ഇതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയം കോർപ്പറേഷനും സൗദിയിലെ ആരാംകോയിൽ നിന്ന് അധികമായി പത്ത് ലക്ഷം ബാരൽ എണ്ണ വാങ്ങുന്നതിന് കരാർ നൽകി.
പേയ്മെന്റ് പ്രശ്നങ്ങൾ മൂലം റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യൻ കമ്പനികൾ പ്രതിസന്ധി നേരിടുന്നതിനാലാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിലെ സാദ്ധ്യതകൾ തേടുന്നത്. ഉക്രെയ്‌നുമായുള്ള രാഷ്ട്രീയ സംഘർഷത്തിന് ശേഷം റഷ്യയിൽ നിന്നും ഇന്ത്യൻ കമ്പനികൾക്ക് വൻവിലക്കുറവിലാണ് ക്രൂഡോയിൽ ലഭിച്ചിരുന്നത്.
എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം ഡോളറിൽ പേയ്മെന്റ് നടത്താൻ കഴിയുന്നില്ല. രൂപയിലും റൂബിളിലും വ്യാപാരം നടത്താനുള്ള നീക്കങ്ങളും വിജയമായില്ല. ഈ സാഹചര്യത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യയിലെ കമ്പനികളെ ആകർഷിക്കാൻ സൗദി അറേബ്യ പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.