മോദിയുടെ സന്ദർശനം ഉൗർജമേകി; ടൂറിസത്തിൽ കുതിക്കാൻ ലക്ഷദ്വീപ്
കൊച്ചി: പവിഴപ്പുറ്റുകളുടെ വൻശേഖരം, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ദ്വീപുകൾ, ജലകേളിക്ക് അനുയോജ്യമായ ബീച്ചുകൾ... മനസ് നിറയ്ക്കുന്ന പ്രകൃതിദത്ത സൗകര്യങ്ങൾ നിറഞ്ഞ ലക്ഷദ്വീപിൽ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിച്ചാൽ ടൂറിസത്തിൽ വൻകുതിപ്പ് നേടാനാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ലോകശ്രദ്ധയിലെത്തിച്ച ലക്ഷദ്വീപിൽ ടൂറിസം വികസനത്തിന് കേന്ദ്രസർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നാണ് വിവരം. നിലവിലുള്ള അഗത്തി, ബംഗാരം എയർപോർട്ടുകൾക്കു പുറമെ മിനിക്കോയിലും വിമാനത്താവളം നിർമ്മിക്കും. ദ്വീപുകളെ ബന്ധിപ്പിച്ച് സീപ്ളെയിൻ സർവീസിന് അനുമതി നൽകിക്കഴിഞ്ഞു.
വിനോദസഞ്ചാരത്തിന് ഏറ്റവുമധികം പേരെത്തുന്ന മാലദ്വീപിനെ മറികടക്കാൻ ലക്ഷദ്വീപിന് കഴിയുമെന്ന് ടൂറിസം, ട്രാവൽ സംരംഭകർ പറയുന്നു. ഇത്തരം ദ്വീപുകളിലാണ് വൻതുക ചെലവഴിക്കാൻ ശേഷിയുള്ള സഞ്ചാരികളെത്തുന്നത്.
പവിഴപ്പുറ്റിന്റെ നാട്
പവിഴപ്പുറ്റുകളാണ് ലക്ഷദ്വീപിന്റെ ഏറ്റവും വലിയ ആകർഷണം. 50 വർഷം കഴിഞ്ഞാൽ വംശനാശം സംഭവിച്ചേക്കാമെന്ന് ഗവേഷകർ പറയുന്ന പവിഴപ്പുറ്റുകൾ കാണാൻ സഞ്ചാരികൾക്ക് അവസരമുണ്ടാകും. ബംഗാരം, അഗത്തി,കടമത്ത്, മിനിക്കോയ്, കൽപ്പേനി, കവരത്തി എന്നിവയാണ് പ്രധാന ദ്വീപുകൾ.
കൊച്ചിയിൽ നിന്ന് കപ്പലിലും വിമാനത്തിലും ദ്വീപിലെത്താം. ഇന്ത്യൻ എയർലൈൻസിന്റെ ചെറുവിമാനം അഗത്തി, ബംഗാരം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ചാർട്ടേർഡ് ഹെലികോപ്ടറുകളും ലഭ്യമാണ്. ഏഴു കപ്പലുകൾ സർവീസ് നടത്തുന്നുണ്ട്.
സൗകര്യങ്ങൾ പരിമിതം
സഞ്ചാരികൾക്ക് സൗകര്യങ്ങൾ പരിമിതമാണ്. ചെറുകിട റിസോർട്ടുകളും ടെന്റുകളും കോട്ടേജുകളുമാണുള്ളത്. ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള പാക്കേജുകൾ കാലാവസ്ഥ, യാത്രാതടസം തുടങ്ങിയവ മൂലം റദ്ദാക്കപ്പെടാറുണ്ട്. ലക്ഷദ്വീപിലെത്താൻ പ്രത്യേക പെർമിറ്റ് ഓൺലൈനിൽ നേടണം.
ഒരുക്കേണ്ട സൗകര്യങ്ങൾ
ടൂറിസം വികസനത്തിന് സമഗ്ര മാസ്റ്റർപ്ളാൻ തയ്യാറാക്കുക
ഹ്രസ്വദൂര വിമാന സർവീസായ ഉഡാനിൽ ലക്ഷദ്വീപിനെ ഉൾപ്പെടുത്തുക
150 - 200 പേർക്ക് സഞ്ചരിക്കാവുന്ന വേഗതയുള്ള കപ്പലുകൾ അനുവദിക്കുക
റിസോർട്ടുകളെയും ദ്വീപുകളെയും ബന്ധിപ്പിച്ച് കൂടുതൽ സ്‌പീഡ് ബോട്ടുകൾ
''താമസത്തിനും യാത്രയ്ക്കും സൗകര്യങ്ങൾ ഒരുക്കിയാൽ ലോകത്തെ ഏറ്റവും പ്രിയങ്കരമായ ദ്വീപ് ടൂറിസം കേന്ദ്രമാകാൻ ലക്ഷദ്വീപിനാവും.""
പൗലോസ് കെ. മാത്യു
ദേശീയ മാനേജിംഗ് കമ്മിറ്റി അംഗം
ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ