ബിൽക്കിസ് ബാനു കേസിൽ വിധി പറഞ്ഞ ജഡ്ജി വധശിക്ഷ നൽകാത്തത് പ്രതികൾ ഉപകരണം മാത്രമായതിനാൽ

Wednesday 10 January 2024 12:00 AM IST

ന്യൂഡൽഹി : ബിൽക്കിസ് ബാനു കേസിലെ 11 പ്രതികൾക്കും വധശിക്ഷ നൽകാമായിരുന്നുവെന്നും,അതു ചെയ്യാത്തത് അവർ ഉപകരണങ്ങൾ മാത്രമായിരുന്നതുകൊണ്ടാണെന്നും ജീവപര്യന്തം കഠിനതടവ് വിധിച്ച ജഡ്ജിയുടെ വെളിപ്പെടുത്തൽ. ബിൽക്കിസിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും, മൂന്നര വയസുള്ള കുഞ്ഞിനെ അടക്കം 14 പേരെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിലെ പ്രതികളുടെ ശിക്ഷായിളവ് സുപ്രീംകോടതി തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ഇതിനോടുള്ള പ്രതികരണത്തിലാണ് മുംബയ് പ്രത്യേക കോടതി മുൻ ജഡ്ജിയായിരുന്ന യു.ഡി. സാൽവി മനസു തുറന്നത്.

വ്യക്തി വൈരാഗ്യമായിരുന്നില്ല കുറ്റവാളികളുടെ കൊടും ക്രൂരതയ്ക്ക് കാരണം. അവരെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ശിക്ഷായിളവ് അനുവദിക്കുമ്പോൾ കുറ്റകൃത്യത്തിന്റെ ഗൗരവം സർക്കാർ പരിശോധിക്കണം. സമൂഹത്തിന് ആ നടപടി നൽകുന്ന സന്ദേശത്തെ കുറിച്ച് ചിന്തിക്കണം. ജയിൽമോചിതരായപ്പോൾ കുറ്റവാളികൾക്ക് ലഭിച്ച സ്വീകരണം ദൗർഭാഗ്യകരമാണ്. വിചാരണ നടന്ന മഹാരാഷ്ട്രയ്ക്കാണ് ശിക്ഷായിളവിൽ അധികാരമെന്ന സുപ്രീകോടതി വിധി റിട്ടയേർഡ് ജഡ്ജി സ്വാഗതം ചെയ്തു. കുറ്റവാളികൾക്ക് മഹാരാഷ്ട്ര സർക്കാരിന് മുന്നിൽ അപേക്ഷ സമർപ്പിക്കാൻ കഴിയും. 2008 ജനുവരി 21നാണ് 11 പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് മുംബയ് പ്രത്യേക കോടതി ഉത്തരവിട്ടത്.

വിമർശനങ്ങൾ നീക്കിക്കിട്ടാൻ ഗുജറാത്ത്

ശിക്ഷയിളവ് റദ്ദാക്കിയുള്ള വിധിയിൽ ഗുജറാത്ത് സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ നീക്കിക്കിട്ടാൻ ഔദ്യോഗിക നീക്കം തുടങ്ങി. പുനഃപരിശോധനാഹർജി സമർപ്പിക്കാനുള്ള സാദ്ധ്യതയെപ്പറ്റി നിയമവിദഗ്ദ്ധരുമായി കൂടിയാലോചന തുടങ്ങിയെന്നാണറിയുന്നത്. സർക്കാർ നടപടി അധികാരം കവർന്നെടുക്കുന്നതിന്റെയും അധികാര ദുർവിനിയോഗത്തിന്റെയും ഉത്തമ ഉദാഹരണമാണ് തുടങ്ങിയ പരാമർശങ്ങളാണ് വിധിയിലുള്ളത്. അതേസമയം, ശിക്ഷായിളവിനായി 11 കുറ്റവാളികളും മഹാരാഷ്ട്ര സർക്കാരിനെ സമീപിച്ചേക്കും. രണ്ടാഴ്ചയ്ക്കകം ജയിലിൽ കീഴടങ്ങാനാണ് തിങ്കളാഴ്ച സുപ്രീംകോടതി കുറ്രവാളികൾക്ക് നിർദ്ദേശം നൽകിയത്. പ്രതികൾ നിരീക്ഷണത്തിലുണ്ടെന്നും, സമയപരിധിക്കകത്ത് അവരെ ജയിലിൽ എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്നും ഗുജറാത്തിലെ ദാഹോഡ് പൊലീസ് വ്യക്തമാക്കി.

Advertisement
Advertisement