കെ-സ്മാർട്ടിൽ അതിവേഗം: ആദ്യ കെട്ടിട പെർമിറ്റ് കോഴിക്കോട്ട്
തിരുവനന്തപുരം : കെട്ടിട നിർമ്മാണ പെർമിറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഓഫീസിലെത്താതെ ജനങ്ങൾക്ക് ലഭ്യമാക്കാനായി നടപ്പാക്കിയ കെ -സ്മാർട്ട് പ്രവർത്തനം തുടങ്ങി. കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്ഥല ഉടമ പ്രഭാകരനാണ് കെ-സ്മാർട്ടിലൂടെ അതിവേഗം പെർമിറ്റ് ലഭിച്ചത്. സംസ്ഥാനത്ത് ആദ്യ കെ- സ്മാർട്ട് പെർമിറ്റ് കോഴിക്കോട് മേയർ ബീന ഫിലിപ്പ് നേരിട്ട് സ്ഥല ഉടമയ്ക്ക് കൈമാറി. ഈമാസം 15ഓടെ
കെ -സ്മാർട്ട് പൂർണ സജ്ജമാകും.
30 സെക്കൻഡിൽ പെർമിറ്റ് ലഭ്യമാക്കുകയാണ് കെ- സ്‌മാർട്ടിലൂടെ തദ്ദേശവകുപ്പ് ലക്ഷ്യമിടുന്നത്. ഇൻഫർമേഷൻ കേരള മിഷനാണ് കെ -സ്മാർട്ട് സജ്ജമാക്കിയത്. നിലവിൽ മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമാണ് സേവനം . ഏപ്രിൽ ഒന്നു മുതൽ പഞ്ചായത്തുകളിലും എത്തും.
3000 സ്ക്വയർ ഫീറ്റ് വരെയുള്ള ലോ റിസ്ക്ക് നിർമ്മാണങ്ങൾക്ക് കെട്ടിടഉടമയും ബിൾഡിംഗ് ഡിസൈനറും സംയുക്തമായി നൽകുന്ന സ്വയം സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റ് അനുവദിക്കുന്നത്.
ഓഫീസിലെത്താതെ അതിവേഗം സോഫ്റ്റ് വെയറിലൂടെ പെർമിറ്റ് ലഭിക്കും. കഴിഞ്ഞ മാസം വരെ കോഴിക്കോട് കോർപറേഷനിൽ സുവേഗയും മറ്റ് കോർപറേഷനുകളിലും മുൻസിപ്പാലിറ്റികളിലും സ്വകാര്യ കമ്പനിയുടെ ഐ.ബി.പി.എം.എസ് സോഫ്റ്റുവെയറുമാണ് ഉയോഗിച്ചിരുന്നത്.ജനന,മരണ രജിസ്ട്രേഷൻ, വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെത്താതെ പൂർത്തീകരിക്കാനാവും.സോഫ്റ്റ്‌വെയറിലെ വീഡിയോ കെ.വൈ.സി സംവിധാനത്തിലൂടെയാണ് ഓൺലൈനായി നടപടികൾ പൂർത്തിയാക്കി വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നൽകുന്നത്.