യൂത്ത് കോൺഗ്രസിന്റെ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം

Wednesday 10 January 2024 12:06 AM IST

കൊല്ലം: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്രിയുടെ നേതൃത്വത്തിൽ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ നേരിയ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടന്നത്.

മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഒന്നിൽ കൂടുതൽ തവണ ഉന്തും തള്ളുമുണ്ടായി. മാർച്ചിനിടെ തന്നെ പൊലീസ് മർദ്ദിച്ചെന്ന് നഗരസഭ പ്രതിപക്ഷ കൗൺസിലർ കുരുവിള ജോസഫ് ആരോപിച്ചു. പൊലീസ് കെട്ടിയ വടം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മർദ്ദിച്ചത്. കൂടാതെ ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് ഭാർഗവന്റെ വയറ്രിൽ ലാത്തി ഉപയോഗിച്ച് കുത്തിയെന്നും ആരോപണം ഉയർന്നു. ചിന്നക്കട റെസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിലെത്തി മടങ്ങിയപ്പോൾ പൊലീസ് വടം കെട്ടി തടഞ്ഞു. കൂടാതെ പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് പ്രവർത്തകർ കടക്കാതിരിക്കാനായി സ്റ്റേഷൻ കവാടത്തിന് മുന്നിൽ പൊലീസ് വാഹനങ്ങൾ നിരത്തിയിരുന്നു. ഈ ഭാഗത്ത് വച്ചാണ് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ ഏറ്രുമുട്ടൽ ഉണ്ടായത്. രണ്ടാം നിരയിലുള്ള പൊലീസുകാർ പ്രവർത്തകരെ ലാത്തി ഉപയോഗിച്ച് കുത്തിയെന്ന് ആരോപിച്ച് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. സംഘർഷത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

സംസ്ഥാനവൈസ് പ്രസിഡന്റ് അനു താജ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് നിയാസ് ചിതറ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ചൈത്ര.ഡി.തമ്പാൻ, മുൻ ജില്ലാ പ്രസിഡന്റ് ആർ.എസ്.അരുൺ കുമാർ, മുൻ സംസ്ഥാന സെക്രട്ടറി ബിനീഷ് ബാബു, ജില്ലാ വൈസ് പ്രസിഡന്റ് കൗഷിക്.എം.ദാസ്, സെക്രട്ടറി ശരത് കടപ്പാക്കട, കുരുവിള ജോസഫ്, ആദർശ് ഭാർഗവൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement