പാമ്പുകടിയേറ്റത് അറിഞ്ഞില്ല, യുവാവ് ഗുരുതരാവസ്ഥയിൽ

Wednesday 10 January 2024 12:26 AM IST

കൊല്ലം: പാമ്പുകടിയേറ്റതാണെന്ന് അറിയാതെ മുറിവിൽ മരുന്നുവച്ച് കെട്ടി ആശുപത്രി വിട്ട യുവാവ് ഗുരുതരാവസ്ഥയിൽ. പരവൂർ റെയിൽവേ സ്‌റ്റേഷന് സമീപം ട്രാക്കിനോട് ചേർന്നുള്ള കാട് മൂടിയ ഭാഗം ചാടിക്കടക്കുന്നതിനിടെയാണ് നെടുങ്ങോലം സ്വദേശിയായ 30 കാരന് വീണ് കാൽമുട്ടിന് പരിക്കേറ്റത്.

ഉടൻ സമീപത്തെ ആശുപത്രയിലെത്തി മരുന്നുവച്ച് കെട്ടി. എന്നാൽ പിന്നീട് വേദന അസഹ്യമാവുകയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെ യുവാവിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മുറിവിന് സമീപം പ്രത്യക്ഷപ്പെട്ട കുമിളകളും കൺപോളകൾ പരിശോധിച്ചതിൽ തോന്നിയ അസ്വാഭാവികതയും കണക്കിലെടുത്ത് ക്വാഷ്വാലിറ്റി ഡോക്‌ടർ വിഷബാധയുടെ ലക്ഷണങ്ങൾ സംശയിച്ചു. എന്നാൽ ഒപ്പമെത്തിയവർ അത് നിഷേധിച്ചു.

പിന്നീട് സ്ഥിതി ഗുരുതരമായതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റതായി സ്ഥിരീകരിച്ചു.

വീഴ്‌ചയ്ക്കിടയിൽ പാമ്പുകടിയേറ്റതാകാമെന്നാണ് നിഗമനം. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് നേരിയ ഡോസിൽ ആന്റിവെനം കുത്തിവച്ചതിനാലാണ് യുവാവിന്റെ ജീവൻ നിലനിൽക്കാൻ സഹായകമായതെന്ന് തിരുവനന്തപരത്തെ സ്വകാര്യ ആശുപത്രി ഡോക്‌ടർമാർ അറിയിച്ചു. റെയിൽവേ സ്‌റ്റേഷന് സമീപം താമസിക്കുന്ന മുത്തശ്ശിയെ കാണാനെത്തിയതായിരുന്നു യുവാവ്.

Advertisement
Advertisement