ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗായകരിൽ ഒരാൾ: പി.ജയചന്ദ്രൻ
വർഷങ്ങൾക്ക് മുമ്പ് ഒരു സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽ വച്ചാണ് ഞാൻ ആദ്യമായി ദാസേട്ടനെ കാണുന്നത്. അന്ന് പാട്ടുപാടി ദാസേട്ടൻ സദസിന്റെ മനം കവർന്നു. മൃദംഗവാദന മത്സരത്തിനാണ് ഞാൻ പങ്കെടുത്തത്. പാട്ട് കൂടെയുണ്ടായിരുന്നെങ്കിലും പിന്നീടാണ് എന്റെ എല്ലാ ശ്രദ്ധയും പാട്ടിലേക്ക് തിരിഞ്ഞത്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗായകരിൽ ഒരാളാണ് യേശുദാസ്. ഏറെക്കുറെ സമകാലികനാണെങ്കിലും പിന്നണിഗാനരംഗത്ത് ഞാൻ അദ്ദേഹത്തേക്കാൾ അഞ്ച് വർഷം ജൂനിയറാണ്. ഞാനും ദാസേട്ടനും ചേർന്നുപാടിയ ഗാനങ്ങൾ നിരവധിയുണ്ട്. ആ ഓരോ പാട്ടും ഓരോ പുതിയ പുതിയ അനുഭവങ്ങളാണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത്. ആരോമലുണ്ണി എന്ന സിനിമയിലെ ''പാടാം പാടാം ആരോമൽ ചേകവർ"" എന്ന പാട്ടാണ് ഒരുമിച്ച് ആദ്യമായി പാടിയത്. ഉദയായുടെ ആ ചിത്രത്തിന്റെ റെക്കോർഡിംഗ് എ.വി.എം സ്റ്റുഡിയോയിൽ വച്ചായിരുന്നു. ദേവരാജൻ മാഷാണ് ആ പാട്ടിന് സംഗീതം ചെയ്തത്. ''കനകസിംഹാസനത്തിൽ"", ''സമയ രഥങ്ങളിൽ "" തുടങ്ങിയ പാട്ടുകളുടെ റെക്കോർഡിംഗും രസകരമായിരുന്നു. പാടുമ്പോൾ അവരവരുടെ ഭാഗം മനോഹരമാക്കാൻ ഞങ്ങൾ ശ്രമിക്കുമായിരുന്നു. പക്ഷേ അതിൽ ഒരിക്കലും മത്സരമുണ്ടായിരുന്നില്ല. ദാസേട്ടനൊപ്പം അവസാനമായി ഒരു ഗാനം പാടിയത് വർഷങ്ങൾക്ക് മുമ്പായിരുന്നു.
( കേരളകൗമുദി ആർക്കൈവ്സിൽ നിന്ന് )