ഒരേയൊരു കൈസർ!
ജർമ്മനിയെ ഫുട്ബാൾ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഇതിഹാസമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ഫ്രാൻസ് ബെക്കൻ ബോവർ. ക്യാപ്ടനായി 1974ൽ ജർമ്മനിയ്ക്ക് ലോക കിരീടം നേടിക്കൊടുത്ത ആകരാധകരുടെ പ്രീയപ്പെട്ട കൈസർ 1990ൽ പരിശീലകനായും ജർമ്മനിയെ ലോകചാമ്പ്യൻമാരാക്കി. മികച്ച സംഘാടകനുമായ ബെക്കൻ ബോവറുടെ നേതൃത്വത്തിലുള്ള ശ്രമ ഫലമായാണ് 2006ലെ ലോകകപ്പിന് ജർമ്മനിക്ക് ആധിത്യമരുളാനായത്. ലോകകപ്പ് സംഘാടക സമിതിയിലെ പ്രധാനിയും അദ്ദേഹമായിരുന്നു. കളിക്കാരനായും പരിശീലകനായും സംഘാടകനായും ഫുട്ബാളിൽ സുവർണ നേട്ടങ്ങൾ കുറിച്ച ബെക്കൻബോവർ ഓൾറൗണ്ടറായാണ് വാഴ്ത്തപ്പെടുന്നത്. അതിനാൽതന്നെയാണ് ചക്രവർത്തിയെന്നും അദ്ദേഹം വിളിക്കുന്നു.
ഏറ്റവും വലിയ സംസ്കാരച്ചടങ്ങിനൊരുങ്ങി അലിയൻസ് അരീന
ജർമ്മൻ ദേശീയ ടീമിനെപ്പോലെ തന്നെ പ്രമുഖ ക്ലബ് ബയേൺ മ്യൂണിക്കിനേയും നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് നയിച്ച താരമാണ് ബെക്കൻ ബോവർ. 1964 മുതൽ 13 വർഷത്തോളം ബയേണിന്റെ ജേഴ്സിയണിഞ്ഞു. 1973-74 സീസണിൽ തുടർച്ചയായി മൂന്ന് തവണ ബെക്കൻബോവറുടെ നേതൃത്വത്തിൽ ബയേൺ മ്യൂണിക്ക് യൂറോപ്യൻ ചാമ്പ്യൻമാരുമായിരുന്നു. പിന്നീട് ക്ലബിന്റെ പരിശീലകനായും ഭരണകർത്താവായും തിളങ്ങിയ ബെക്കൻബോവർക്ക് ലോകം ഇതുവരെ കാണാത്ത രീതിയിലുള്ള വിട നൽകാനൊരുങ്ങുകയാണ് ബയേൺ മ്യൂണിക്ക് നേതൃത്വം എന്നാണ് റിപ്പോർട്ട്. ബയേൺ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലിയൻസ് അരീനയിൽ 75,000 ത്തോളം പേർ പങ്കെടുക്കുന്ന സംസ്കാരചടങ്ങുകൾ നടത്താനാണ് ഒരുങ്ങുന്നത്.
ജർമ്മൻ ഫുട്ബാൾ ചരിത്രത്തിലെ വിപ്ലവകാരിയുടെ സംസ്കാര ചടങ്ങുകൾ ലോകം ഇതുവരെ കാണാത്തരീതിയിലാകണമെന്നും അത് അലിയൻസ് അരീനയിൽ ആയിരിക്കണമെന്നും ബയേണിന്റെ മുൻ ചെയർമാൻ കാൾ - ഹെയ്ൻസ് റുമനിഗെ ഹോണററി പ്രസിഡന്റ് യുളി ഹോനസിനെ ഫോണിൽ വിളിച്ച് നിർദ്ദേശിച്ച വിവരം ജർമ്മൻ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ബയേണിൽ റുമനിഗെയുടെ ക്യാപ്ടനായിരുന്നു ബെക്കൻ ബോവർ. ജർമ്മൻ ദേശീയ ടീമിൽ 1986ൽ ബെക്കൻബോവറുടെ ശിക്ഷണത്തിലും റുമനിഗെ കളിച്ചിട്ടുണ്ട്.
അതേസമയം അദ്ദേഹത്തിന്റെ കുടുംബത്തിന് സംസ്കാരച്ചടങ്ങുകൾ സ്വകാര്യാമായി നടത്താനാണ് ആഗ്രമെന്ന് അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. മരണ സമയത്ത് ഭാര്യ ഹെയ്തിയും മറ്റു കുടുംബാംഗങ്ങളും അടുത്തുണ്ടായിരുന്നു.
ലോകമെമ്പാടുമുള്ല താരങ്ങളും പരിശീലകരും രാഷ്ട്രത്തലവൻമാരുമെല്ലാം അദ്ദേഹത്തിന് ബെക്കൻബോവർക്ക് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആദരഞ്ജലിയർപ്പിച്ചുകൊണ്ടിരിക്കുകയാണ്. അലിയൻസ് അരീനയിലെ ട്രെയിനിംഗ് സെന്ററിന് മുന്നിലും മറ്റും ആരാധകർ അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ച് മെഴുകുതിരി കത്തിക്കുകയും പൂക്കൾ സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. ബയേണിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ എംബ്ലം ബ്ലാക്ക് ആൻഡ് വൈറ്റാക്കി. അലയൻസ് അരീനയിൽ താങ്ക്‌യൂ ഫ്രാൻസ് എന്ന് എൽ.ഇ.ഡി ലൈറ്റുകളും തെളിച്ചു. ഈ ആഴ്ചയിലെ ബുണ്ടസ് ലിഗ മത്സരങ്ങൾക്ക് മുൻപ് ബെക്കൻബോവറോടുള്ള ആദര സൂചകമായി ഒരുമിനിറ്റ് മൗനമാചരിക്കും. അലിയൻസ് അരനയ്ക്ക് ബെക്കൻ ബോവറുടെ പേര് നൽകണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.