തലവയ്‌ക്കരുതേ, യു.പി.ഐയിലൂടെയും പണം തട്ടൽ

Thursday 11 January 2024 4:52 AM IST

തിരുവനന്തപുരം: ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യു.പി.ഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് പുതിയ തന്ത്രങ്ങളുമായി കുറ്റവാളികൾ.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കാലാവധി പൂർത്തിയായ എൽ.ഐ.സി നിക്ഷേപം എന്ത് ചെയ്യണമെന്നതിനെപ്പറ്റി യുവതിയും അച്ഛനും ഫോണിലൂടെ ഉൾപ്പെടെ ചർച്ച ചെയ്തിരുന്നു. തുടർന്ന് എൽ.ഐ.സിയിൽ നിന്നാണെന്ന് പറഞ്ഞ് ഒരു കാൾ യുവതിക്ക് വന്നു. അച്ഛന്റെ നിക്ഷേപമായ 25,000 രൂപ ട്രാൻസ്ഫർ ചെയ്യണം. അച്ഛന് ഗൂഗിൾ പേ ഇല്ലാത്തതിനാൽ യുവതിയുടെ യു.പി.ഐയിലേക്ക് നൽകാമെന്നും അച്ഛനാണ് യുവതിയുടെ നമ്പർ നൽകിയതെന്നും പറഞ്ഞു.

വാത്സല്യത്തോടെ സംസാരിച്ച തട്ടിപ്പുകാരൻ, യുവതിയുടെ ഗൂഗിൾ പേ വിവരങ്ങളും ആവശ്യപ്പെട്ടു. പിന്നാലെ ഗൂഗിൾ പേയിൽ വന്ന സന്ദേശത്തിൽ ആദ്യം 20,000 രൂപയും രണ്ടാമത് 50,000 രൂപയും ഇട്ടതായി കാണിച്ചു. 5,000 അയച്ചപ്പോൾ 50,000 ആയിപ്പോയെന്നും ബാക്കി 45,000 രൂപ മടക്കി അയയ്ക്കണമെന്നുമായി തട്ടിപ്പുകാരൻ. പണമിടപാടിന്റെ സ്ക്രീൻഷോട്ടും അയച്ചു. രൂപ മടക്കി അയയ്ക്കുന്നതിന് തൊട്ടുമുൻപ് ഗൂഗിൾ പേ തെരഞ്ഞപ്പോഴാണ് പണമിടപാട് നടന്നിട്ടില്ലെന്നും സ്ക്രീൻഷോട്ട് വ്യാജമായിരുന്നെന്നും മനസിലായത്. സംഭവത്തിൽ സൈബർപൊലീസ് അന്വേഷണം നടത്തുകയാണ്.

ലിങ്കുകളും കെണി

1.വൈദ്യുതി ബിൽ അടയ്‌ക്കാൻ ഒരുദിവസം കൂടിയേ ഉള്ളൂവെന്ന് പറഞ്ഞ് സന്ദേശം വരും. സന്ദേശത്തിലെ ലിങ്കിലൂടെ പണമടച്ചാൽ 1000 രൂപ കാഷ്ബാക്ക് വാഗ്ദാനം. എന്നാൽ ലിങ്കിലെ മാൽവെയറിലൂടെ ഫോൺ ഹാക്ക് ചെയ്യപ്പെടും

2.പബ്ലിക് വൈഫൈ ഉപയോഗിക്കുന്നവരുടെ യു.പി.ഐ ഐ.ഡിയും പിൻനമ്പറും എളുപ്പം ഹാക്ക് ചെയ്യാനാവും

3.ഇരയുടെ സിംകാർഡിന്റെ വ്യാജനെ സൃഷ്ടിക്കും. ഈ നമ്പറുമായി ബന്ധപ്പെട്ട യു.പി.ഐ അക്കൗണ്ട് കുറ്റവാളിക്ക് സ്വന്തമാക്കാനാവും

ഇടപാടുകൾ നിരീക്ഷിക്കണം

യു.പി.ഐ പിൻനമ്പർ ആരുമായും പങ്കിടരുത്

പാസ്‌വേർഡ് ഇടയ്‌ക്കിടെ മാറ്റുക

വിശ്വാസമുള്ളവരുമായി മാത്രം യു.പി.ഐ ഇടപാട് നടത്തുക

ഇടപാടുകൾ നിരീക്ഷിച്ച് സംശയം തോന്നിയാൽ

ബാങ്കിലും പൊലീസിലും അറിയിക്കുക

സൈബർ ഹെൽപ്പ് ലൈൻ നമ്പർ 1930

യു.പി.ഐ തട്ടിപ്പുകൾ

2020-2021--------77,000

2021-22------------84,000

2022-2023---------95,000

''സംസ്ഥാനത്തും യു.പി.ഐ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനങ്ങൾ ജാഗ്രത പുല‌ർത്തണം.

-സൈബർ പൊലീസ്

Advertisement
Advertisement