തൊഴിലുറപ്പിൽ 70 ദിനം ഉറപ്പായി ,​ 15.50 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസംസ ,​ 10 കോടി തൊഴിൽദിനം കടക്കാൻ കേരളം

Friday 12 January 2024 4:33 AM IST

തിരുവനന്തപുരം: വെട്ടിക്കുറച്ച തൊഴിൽദിനങ്ങൾ കേന്ദ്രം പുനഃസ്ഥാപിച്ചതോടെ സംസ്ഥാനത്തെ 15.50 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായി. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഉപജീവനം കണ്ടെത്തുന്ന ഈ കുടുംബങ്ങൾക്ക് ഇതോടെ ശരാശരി 70തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാനാകും.

ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ കേന്ദ്രം പുനഃസ്ഥാപിച്ചതോടെയാണിത്. ഇതോടെ കഴിഞ്ഞ വർഷത്തിന് സമാനമായി 9.50കോടി തൊഴിൽ ദിനങ്ങൾ സംസ്ഥാനത്തിന് ലഭിക്കും. ഈവർഷം തൊഴിൽ ദിനങ്ങൾ 10കോടി കടക്കാനുള്ള അധിക ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. അങ്ങനെയായാൽ ശരാശരി 70തൊഴിൽ ദിനങ്ങൾ ഉറപ്പാകും. കഴിഞ്ഞ വർഷം ഒരു കുടുംബത്തിന് ലഭിച്ച ഉയർന്ന ശരാശരി തൊഴിൽ ദിനങ്ങൾ 63ആയിരുന്നു. ഈമാസം 10ന് ചേർന്ന കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ എംപവേർഡ് കമ്മിറ്റിയാണ് ലേബർ ബഡ്ജറ്റ് 9.5കോടിയായി വർദ്ധിപ്പിച്ചത്.

കേന്ദ്രം തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചതോടെ തൊഴിലുറപ്പിനെ ആശ്രയിക്കുന്ന കുടുംബങ്ങൾ ആശങ്കയിലായിരുന്നു. ഇതോടെ സംസ്ഥാന സർക്കാർ നിരന്തരമായ ഇടപെടൽ നടത്തി. അതിന്റെ ഫലമായാണ് ലക്ഷ്യത്തിലെത്തിയത്. രാജ്യത്തിന് മാതൃകയായി പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്ത് കഴിഞ്ഞവർഷം 9.50കോടി ദിനങ്ങളായിരുന്നുവെങ്കിലും സംസ്ഥാനം 9.65കോടി ദിനങ്ങളെന്ന റെക്കാഡ് നേട്ടത്തിലെത്തി.

എന്നാൽ 2023-24 സാമ്പത്തിക വർഷത്തിൽ തൊഴിൽ ദിനങ്ങൾ ആറു കോടിയായി ചുരുക്കി. സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ച് കേരളത്തിന്റെ പ്രകടനം വിശദീകരിച്ചതോടെ രണ്ട് കോടി ദിനങ്ങൾ വർദ്ധിപ്പിച്ചു. ഡിസംബറോടെ കേരളം എട്ട് കോടി ദിനങ്ങളും കടന്നു. ഇതോടെയാണ് കഴിഞ്ഞവർഷത്തിന് സമാനമായി തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിക്കാൻ കേന്ദ്രം തയ്യാറായത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസിലും തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ച കേന്ദ്ര നിലപാട് സർക്കാർ ആയുധമാക്കിയിരുന്നു. ഈവർഷം 10.7കോടിയായി തൊഴിൽദിനങ്ങൾ വർദ്ധിപ്പിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.നിലവിലെ 9.50കോടി ദിനങ്ങൾ കടന്നാൽ അത് പരിഗണിക്കാമെന്ന ഉറപ്പും കേന്ദ്രം നൽകിയിട്ടുണ്ട്.

ഇനി​ കി​ട്ടുന്നത് 23,310 രൂപ

​ഒ​രു​ ​കു​ടും​ബ​ത്തി​ന് ​പ​ര​മാ​വ​ധി​ ​ല​ഭി​ക്കു​ന്ന​ത് 100​തൊ​ഴി​ൽ​ ​ദി​ന​ങ്ങ​ൾ. ​പ്ര​തി​ദി​നം​ 333​ ​രൂ​പ​യാ​ണ് ​വേ​ത​നം. ഇൗ വർഷം 70 ദി​നം പൂർത്തി​യായാൽ ലഭി​ക്കുന്നത് 23,310 രൂപ ​തൊ​ഴി​ലു​റ​പ്പ് ​കൂ​ലി​യി​ൽ​ ​കേ​ര​ളം​ ​മൂന്നാം​സ്ഥാ​ന​ത്ത്. ​ ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​കൂ​ലി​ ​ഹ​രി​യാ​ന​യി​ൽ​ 357​രൂ​പ.​ ​തൊ​ട്ടു​പി​ന്നി​ൽ​ ​സി​ക്കിം​ 354​രൂപ ​കൂ​ലി​ ​പൂ​ർ​ണ​മാ​യും​ ​ന​ൽ​കു​ന്ന​ത് ​കേ​ന്ദ്രം. ​അ​നു​വ​ദി​ക്കു​ന്ന​തി​നെ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​ദി​ന​ങ്ങ​ൾ​ ​പ​ണി​യെ​ടു​ത്താ​ലും​ ​കേ​ന്ദ്രം​ ​തു​ക​ ​അ​നു​വ​ദി​ക്കും.

പടിപടിയായി കേരളത്തിനുള്ള തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് എതിരെ സംസ്ഥാനസർക്കാരും തൊഴിലുറപ്പ് തൊഴിലാളികളും വലിയ പ്രതിഷേധം ഉയർത്തി. ഡൽഹിയിൽ എത്തി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. കേരളമാകെ നടത്തിയ ചെറുത്തുനിൽപ്പാണ് ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തിയത്.

-എംബി.രാജേഷ്

തദ്ദേശമന്ത്രി