ആചാര പെരുമയിൽ എരുമേലിയിൽ പേട്ടതുള്ളൽ ആരംഭിച്ചു; തിങ്ങിക്കൂടി ഭക്തജനങ്ങൾ

Friday 12 January 2024 1:02 PM IST

കോട്ടയം: ആചാര പെരുമയിൽ എരുമേലിയിൽ പേട്ടതുള്ളൽ ആരംഭിച്ചു. അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലാണ് ആദ്യം നടക്കുന്നത്. അമ്പലപ്പുഴയിലെ ഏഴു കരകളിൽ നിന്നുള്ള ഭക്തസംഘമാണ് പേട്ടതുള്ളൽ നടത്തുക.

അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ നിന്ന് എത്തിച്ച പൂജിച്ച തിടമ്പുമായി ആനകളെ എഴുന്നള്ളിച്ച് ജുമാ മസ്‌ജിദിൽ സംഘം പ്രവേശിച്ചപ്പോൾ ജമാഅത്ത് അംഗങ്ങൾ പൂക്കൾ വിതറിയും ഷാൾ അണിയിച്ചും സ്വീകരിച്ചു.

വാവരുടെ പ്രതിനിധിയെ ചേർത്ത് മസ്‌ജിദിനെ വലംവച്ച് തിരികെ ഇറങ്ങി പേട്ടതുള്ളൽ വലിയമ്പലത്തിൽ സമാപിക്കുമ്പോൾ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ നടക്കും.

അയ്യപ്പഭക്തരും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് എരുമേലിയിൽ പേട്ടതുള്ളലിൽ പങ്കെടുക്കുന്നത്. കൊച്ചമ്പലത്തിൽ പൂജകൾ നടത്തി സംഘം പ്രാർത്ഥനയോടെ അയ്യപ്പനെ സ്‌തുതിക്കുമ്പോൾ പേട്ട തുള്ളൽ നടത്താൻ അനുമതിയായി കൃഷ്ണപ്പരുന്ത് പറന്നെത്തുമെന്നാണ് വിശ്വാസം.