മെെലപ്ര വ്യാപാരിയുടെ കൊലപാതകം; പ്രതികൾ കൊണ്ടുപോയ ഹാർഡ് ഡിസ്ക് അച്ചൻകോവിലാറ്റിൽ നിന്ന് കണ്ടെത്തി

Friday 12 January 2024 4:51 PM IST

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി ജോർജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ നിർണായക തെളിവായ സിസിടിവിയുടെ ഹാർഡ് ഡിസ്ക് കണ്ടെത്തി. ഹാർഡ് ഡിസ്ക് അച്ചൻകോവിൽ ആറ്റിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. വ്യാപാരിയെ കൊന്ന ശേഷം പ്രതികൾ ഹാർഡ് ഡിസ്ക് എടുത്തുകൊണ്ടുപോയിരുന്നു. തുടർന്ന് ഹാർഡ് ഡിസ്കിനായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്.

കൊലപാതകത്തിൽ പ്രതികളായ തെങ്കാശി സ്വദേശി മുരുകൻ (42), മധുര സ്വദേശി സുബ്രഹ്മണ്യൻ (24), പത്തനംതിട്ട വലഞ്ചുഴി പള്ളിമുരുപ്പേൽ ഹാരിബ് (30), വലഞ്ചുഴി ജമീലാ മൻസിലിൽ നിയാസ് (32) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. കേസിലെ മറ്റൊരു പ്രതി മുത്തുകുമാരൻ പിടിയിലാകാനുണ്ട്. വലഞ്ചുഴി ഭാഗത്ത് ആറ്റിൽ എറിഞ്ഞെന്ന സംശയത്തിൽ മൂന്നുദിവസം ആയി ഡിവെെഎസ്‌പിയും സംഘവും തെരച്ചിൽ നടത്തിരുന്നു.

മൈലപ്ര പുതുവേലിൽ സ്വദേശി ജോർജ് ഉണ്ണൂണ്ണിയെ (73)കഴിഞ്ഞ ഡിസംബർ 30നാണ് കൊലപ്പെടുത്തിയത്. ജോർജ് ഉണ്ണൂണ്ണി ധരിച്ചിരുന്ന ഒമ്പത് പവൻ സ്വർണമാലയായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം 70000 രൂപയുമാണ് കടയിൽ നിന്ന് അപഹരിച്ചത്. മോഷ്ടിച്ച സ്വർണമാല പത്തനംതിട്ടയിലെ ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തിരുന്നു.

Advertisement
Advertisement