എല്ലാം കണ്ടും കേട്ടും വാട്സാപ്പ്; ഒന്നും അറിയാതെ നമ്മളും

Saturday 13 January 2024 4:59 AM IST

തിരുവനന്തപുരം:ഫോൺ ഉപയോഗിക്കാത്തപ്പോഴും വാട്സാപ്പ് കണ്ണും കാതും തുറന്നിരുന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതായി ആരോപണം

ശക്തമാകുന്നു. ഫോൺ വെറുതെ വച്ചാലും ചുറ്റുമുള്ള സംസാരങ്ങൾ ഒപ്പിയെടുക്കുമത്രേ. ഇടയ്‌ക്കിടെ സ്ക്രീൻ മിന്നിയണയുന്നത് പ്രത്യേക സെൻസറുകളിലൂടെ മൈക്രോഫോൺ വഴി നമ്മുടെ സംസാരം ചോർത്തലാണെന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു

കുറേനാൾ മുമ്പ് യു.കെയിലെ എൻജിനീയർ, താൻ ഉറങ്ങിക്കിടക്കുമ്പോൾ വാട്സാപ്പ് തന്റെ വിവരങ്ങൾ ചോർത്തിയതായി ട്വീറ്റ് ചെയ്തിരുന്നു. വാട്സാപ്പ് സുരക്ഷിതമല്ലെന്ന് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് ഉൾപ്പെടെ അന്ന് ആരോപിച്ചു.

ഇപ്പോൾ കിളിമാനൂരിലെ വീട്ടമ്മയ്ക്കെതിരെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരുടെ പേരുവിവരങ്ങൾ വാട്സാപ്പ് സൈബർ പൊലീസിന് നൽകാതെ വന്നതോടെയാണ് ആരോപണങ്ങൾ കടുക്കുന്നത്.

അശ്ലീലദൃശ്യങ്ങൾ ആദ്യം പ്രചരിപ്പിച്ചയാളിന്റെ വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സ്വകാര്യതയുടെ ലംഘനമാണെന്ന് പറഞ്ഞ് വാട്സാപ്പ് നൽകിയില്ല. 'വിവരങ്ങൾ സ്വയം ചോർത്താം എന്നാൽ തെറ്റ് ചെയ്തവനെ തുറന്നുകാട്ടില്ല' എന്നാണ് വാട്സാപ്പിനെതിരെയുള്ള ആരോപണം. കോടതി നിർദ്ദേശപ്രകാരം പൊലീസ് നോട്ടീസ് നൽകി. രാജ്യത്തെ വാട്സാപ്പ് പ്രതിനിധിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. നൂറുശതമാനം സ്വകാര്യത (എൻ‌‌‌ഡ് ടു എൻഡ് എൻക്രിപ്ഷൻ) വാഗ്ദാനം ചെയ്യുമ്പോഴും വാട്സാപ്പ് നമ്മുടെ ചിത്രങ്ങളും മെസേജുകളും ശേഖരിക്കുന്നുണ്ട്. ഇതിലൂടെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കും. സമൂഹമാദ്ധ്യമങ്ങളിൽ നമുക്ക് രസിക്കുന്ന പരസ്യങ്ങൾ വരുത്തി വരുമാനം കൊയ്യും.

വാട്സാപ്പ്-സർക്കാർ യുദ്ധം

വ്യക്തി വിവരങ്ങൾ ചോർത്തുന്നത് തടയാൻ ആഭ്യന്തര സമിതി രൂപീകരിക്കണമെന്ന് 2021ലെ ഐ.ടി നിയമത്തിൽ കേന്ദ്രം വാട്സാപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ഇന്ത്യൻ നിയമം ഭേദഗതി ചെയ്യണമെന്ന് അമേരിക്കൻ കമ്പനിയായ വാട്സാപ്പ് സുപ്രീംകോടതിയിൽ പരാതിപ്പെട്ടിരുന്നു. സൈബർ കുറ്റങ്ങൾ തടയാൻ, വിവരങ്ങൾ ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനകം പ്രതികരിക്കണമെന്ന നിയമവും വാട്സാപ്പ് പാലിക്കുന്നില്ല.

വിൽക്കുന്നത് കോടികൾക്ക്

വാട്സാപ്പിന് പുറമേ, ഗൂഗിൾ, ഫെയ്സ് ബുക്ക് തുടങ്ങിയ കമ്പനികൾക്കും സ്വകാര്യത ഉറപ്പാക്കാനാകുന്നില്ല. ഗൂഗിളും ഫെയ്സ്ബുക്കും ഇന്ത്യക്കാരുടെ വിവരങ്ങൾ പരസ്പരം വിൽക്കുന്നത് കോടികൾക്കാണ്.

ശ്രദ്ധിക്കേണ്ടത്

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യും മുമ്പ് പ്രൈവസി പോളിസി വായിക്കുക

ഉപയോഗിക്കാത്തപ്പോൾ സെറ്റിംഗ്സിൽ മൈക്രോഫോൺ ഓഫാക്കുക

സൈബർ ഹെല്പ് ലൈൻ നമ്പർ 1930