റബറിന് 250 രൂപ: കേരള കോൺ. (എം) മുഖ്യമന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം: റബർ വില കിലോഗ്രാമിന് 250 രൂപയാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം). പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ പാർലമെന്ററി പാർട്ടി നേതാക്കൾ മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകി.
കേരളത്തിലെ 12 ലക്ഷത്തോളം ചെറുകിട റബർ കർഷകരും 5 ലക്ഷത്തോളം ടാപ്പിംഗ് തൊഴിലാളികളും ആയിരക്കണക്കിന് ചെറുകിട വ്യാപാരികളും റബർ വിലയിടിവു മൂലം ദുരിതത്തിലാണ്. റബർ കൃഷിയിലൂടെ ജീവിക്കാൻ കഴിയില്ലെന്ന കർഷകരുടെ ആശങ്ക പരിഹരിക്കപ്പെടണമെന്നും മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് റബറിന് കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.
മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, തോമസ് ചാഴികാടൻ എം.എൽ.എ, പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.