എ.ഐ 'പ്രേത'ങ്ങൾക്കു പിന്നിൽ ക്യാമറ കൺഫ്യൂഷൻ

Sunday 14 January 2024 4:10 AM IST

തിരുവനന്തപുരം: ഇല്ലാത്ത ആളുകൾ പ്രത്യക്ഷപ്പെടുന്നു. ഉള്ളവർ അപ്രത്യക്ഷമാകുന്നു. എ.ഐ ക്യാമറകളിൽ പതിയുന്ന 'പ്രേതരൂപങ്ങൾ' വീണ്ടും ചർച്ചയാകവെ ക്യാമറയുടെ സാങ്കേതിക തകരാറിലേക്ക് വിരൽചൂണ്ടി വിദഗ്ദ്ധർ. രണ്ടുമാസം മുൻപ് കണ്ണൂർ പയ്യന്നൂരിൽ സീറ്റ്ബെൽറ്റ് ധരിക്കാത്തതിന് പിഴചുമത്തിയ സംഭവത്തിൽ പിൻസീറ്റിൽ കണ്ട സ്ത്രീരൂപം 'പ്രേതമാണെന്ന്' അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, പിൻസീറ്റിൽ ഉണ്ടായിരുന്നത് ആൺകുട്ടിയാണെന്ന് കഴിഞ്ഞദിവസം മോട്ടോർവാഹനവകുപ്പ് വിശദീകരണം നൽകി. യുവാവും അമ്മയുടെ സഹോദരിയും മുന്നിലും രണ്ടു കുട്ടികൾ പിന്നിലുമായാണ് സഞ്ചരിച്ചത്. സ്ത്രീയുടെ രൂപം പതിഞ്ഞതിനൊപ്പം കുട്ടികളുടെ രൂപം ചിത്രത്തിൽ പതിഞ്ഞിരുന്നില്ല. രാത്രിയിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. ഐ.ആർ സെൻസറുകൾ വഴിയാണ് ക്യാമറയിൽ ചിത്രങ്ങൾ പതിയുന്നത്. സീറ്റ് ബെൽറ്റും ഹെൽമെറ്രും ധരിക്കാത്ത വാഹനങ്ങളുടെയും ഉള്ളിലുള്ള വ്യക്തികളുടെയും ചിത്രങ്ങൾ മെഷീൻലേർണിംഗ് ഉപയോഗിച്ച് ഒപ്പിയെടുത്ത് ഡാറ്റാബേസിൽ സൂക്ഷിക്കും. എന്നാൽ വാഹനങ്ങൾ അതിവേഗം കടന്നുപോകവെ വീഡിയോ പകർത്തുന്നതിനും സൂക്ഷിക്കുന്നതിനും സെക്കൻഡുകളുടെ വ്യത്യാസം ഉണ്ടായേക്കാം. ഇത്തരത്തിൽ ക്യാമറയ്ക്ക് ഉണ്ടാവുന്ന 'കൺഫ്യൂഷൻ' മൂലം തൊട്ടുമുൻപുള്ള വാഹനത്തിലെ യാത്രക്കാരന്റെ ചിത്രമാകാം രണ്ടാമത്തെ വാഹനത്തിൽ പ്രത്യക്ഷപ്പെടുന്നത്.

കൃത്യത നൂറ് ശതമാനമല്ല

എ.ഐ സാങ്കേതികവിദ്യയിൽ നൂറുശതമാനം കൃത്യത സാദ്ധ്യമല്ല. ഒരേ കമ്പനി നിർമ്മിച്ച 1000 ക്യാമറകളിൽ പത്തെണ്ണത്തിൽ വരെ തകരാറുകൾ ഉണ്ടാവാം. പയ്യന്നൂരിലെ സംഭവത്തിനു പുറമേ കണ്ണൂരിലെ ഉരുവച്ചാലിലും വാഹനത്തിൽ പ്രേതത്തെ കണ്ടിരുന്നു. സമീപത്ത് ആത്മഹത്യ ചെയ്ത സ്ത്രീയുടെ രൂപമാണെന്നുവരെ വാർത്ത പരന്നു. രണ്ട് പ്രശ്നങ്ങളും ഒരേ സ്ഥലത്തായതിനാൽ ക്യാമറ തകരാറാവാനാണ് സാദ്ധ്യത. പയ്യന്നൂരിലെ സംഭവത്തിൽ ദുരൂഹതകൾ ഒന്നുമില്ലെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു.

Advertisement
Advertisement