രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രയിലും മലയാളികൾ
തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അസാമിലെ തൗബാൽ ജില്ലയിലെ ഖോങ്ജോം യുദ്ധ സ്മാരകത്തിൽ നിന്ന് ഇന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലും മലയാളി സാന്നിധ്യം. ഇന്ന് എം.എൽ.എമാരടക്കം പങ്കെടുക്കും.
രാഹുൽ ഗാന്ധിയുടെ വയനാട് പാർലമെന്റ് മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എമാരായ ടി.സിദ്ധിഖ്, ഐ.സി ബാലകൃഷ്ണൻ, എ.പി അനിൽകുമാർ, കെ.പി.സി.സിയുടെ ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ സുമേഷ് അച്യുതൻ, കെ.പി.സി.സി വക്താവ് രാജു.പി.നായർ തുടങ്ങിയവർ പങ്കെടുക്കും. ഇന്നത്തെ പര്യടനം പൂർത്തിയാക്കി ഇവർ നാട്ടിലേക്ക് മടങ്ങും.
കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയിൽ ഉടനീളം പങ്കെടുത്ത യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കോർഡിനേറ്റർ ഷാജിദാസ് ഇത്തവണയും രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ മുഴുവൻ സമയവും ഉണ്ടാവും. അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ എ.ഐ.സി.സി കോർഡിനേറ്റർ അഡ്വ.അനിൽ ബോസ്, ജവഹർ ബാൽമഞ്ച് ദേശീയ കോർഡിനേറ്റർ ഹസൻ അമൻ, കെ.പി.സി.സി സോഷ്യൽ മീഡിയ വിഭാഗത്തിലെ ടി.ആർ രാജേഷ്, കുന്നത്തുനാട്ടിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ബ്ലസി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മൈക്കിൾ കോൺഗ്രസ് പ്രവർത്തകരായ അഫ്‌സൽ, അർജുൻ എന്നിവരും മുഴുവൻ സമയവും യാത്രയിലുണ്ടാവും.
ഇന്ന് ഉച്ചയ്ക്ക് 12:30ന് ആരംഭിക്കുന്ന യാത്ര മണിപ്പൂരിലെ സെക്ക്മായിൽ അവസാനിക്കും. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ 6200 കിലോമീറ്ററാണ് യാത്ര. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ബീഹാർ, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെയാണ് യാത്ര.