'പബ്ലിക് ഇൻട്രസ്റ്റ് ആണോ പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണോ?'; പ്രതിപക്ഷ നേതാവിന് ഹെെക്കോടതിയുടെ രൂക്ഷ വിമർശനം, ഹർജി ഫയലിൽ സ്വീകരിച്ചില്ല
എറണാകുളം: കെ ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഹർജി ഹെെക്കോടതി ഫയലിൽ സ്വീകരിച്ചില്ല. സിഎജി റിപ്പോർട്ട് വരട്ടെയെന്നും 2019ലെ കരാർ ഇപ്പോഴാണോ ചോദ്യം ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ഇത് പബ്ലിക് ഇൻട്രസ്റ്റ് ആണോ പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ് ഇല്ല. സർക്കാരിനോട് സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെട്ടു. ഹർജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും. സിഎജി റിപ്പോർട്ട് ലഭിച്ചിട്ട് ബാക്കി തെളിവുകൾ ഹാജരാക്കാമെന്ന് ഹർജിക്കാരാൻ അറിയിച്ചതോടെ അത് ലഭിച്ചിട്ട് വന്നാൽ പേരെയെന്നായിരുന്നു കോടതിയുടെ ചോദ്യം.
എഐ ക്യാമറ പദ്ധതിയിൽ നടന്ന രീതിയിലുള്ള തട്ടിപ്പും അഴിമതിയും കെ ഫോൺ ഇടപാടുകളിലും നടന്നിട്ടുണ്ടെന്ന് ഹർജിയിൽ പറഞ്ഞിരിക്കുന്നു. സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായാണ് ബെൽ കൺസോർഷ്യത്തിന് കരാർ നൽകിയതെന്നും എല്ലാ ടെൻഡറുകളുടെയും ഗുണഭോക്താവ് എസ് ആർ ഐ ടി ആണെന്നും ഹർജിയിൽ ആരോപണമുണ്ട്.