ഇത് വ്യാജം, നടപടികൾ സ്വീകരിക്കണം; ഡീപ് ഫേക്ക് വീഡിയോയുടെ ഇരയായി സച്ചിൻ ടെൻണ്ടുൽക്കറും

Monday 15 January 2024 2:56 PM IST

ന്യൂഡൽഹി: ഡീപ്‌ ഫേക്ക് വീഡിയോകൾക്ക് അടുത്തിടെ നിരവധി സെലിബ്രിറ്റികൾ ഇരയായിരുന്നു. നടിമാരായ രശ്മിക മന്ദാന, കരീന കപൂർ, ആലിയ ഭട്ട്, ഐശ്വര്യ റായി എന്നിവരുടെ ഡീപ്‌ ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഇതിന് ഇരയായിരിക്കുകയാണ്.

'സ്‌കെെവാർഡ് ഏവിയേറ്റർ ക്വസ്റ്റ്' എന്ന ഗെയിമിംഗ് ആപ്പിനെ പ്രോത്സാഹിപ്പിക്കുന്നതായി സച്ചിൻ പറയുന്നതാണ് പ്രചരിക്കുന്ന വ്യാജ വീഡിയോയിൽ ഉള്ളത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇത് വ്യാജമണെന്ന് പറഞ്ഞ് സച്ചിൻ തന്നെ രംഗത്തെത്തി. തന്റെ സോഷ്യൽ മീഡിയ പേജിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം സച്ചിൻ വ്യാജ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

' ഈ വീഡിയോ വ്യാജമാണ്. സാങ്കേതികവിദ്യയുടെ വ്യാപകമായ ദുരുപയോഗം കാണുമ്പോൾ അസ്വസ്ഥമാക്കുന്നു. ഇത്തരം വീഡിയോകളും പരസ്യങ്ങളും എല്ലാവരോടും റിപ്പോർട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ജാഗ്രത പാലിക്കുകയും പരാതികളോട് പ്രതികരിക്കുകയും വേണം. തെറ്റായ വിവരങ്ങളുടെയും ഡീപ്‌ ഫേക്കുകളുടെയും വ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കണം.' - സച്ചിൻ കുറിച്ചു.