വട്ടപ്പാറ വളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മരത്തിലിടിച്ച് അപകടം; 17പേർ ആശുപത്രിയിൽ

Tuesday 16 January 2024 9:56 AM IST

മലപ്പുറം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. മലപ്പുറം വളാഞ്ചേരി വട്ടപ്പാറ മേലെ വളവിൽ വച്ചാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന 17പേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 6.45ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് താമരശേരി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യാത്രക്കിടെ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ശബരിമല തീർത്ഥാടനം കഴിഞ്ഞ് വന്ന അയ്യപ്പഭക്തന്മാരുടെ വാഹനവും കുട്ടിക്കാനത്തേക്ക് പോയ ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർക്കു പരിക്ക് പറ്റിയ സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു. കുട്ടിക്കാനം പൈൻ കാടിന് സമീപത്ത് വച്ചായിരുന്നു അപകടം. തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർക്കാണ് പരിക്കേറ്റത്. ഇവരെ പീരുമേട് താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തെറ്റായ ദിശയിൽ വന്ന ശബരിമല തീർത്ഥാടകരുടെ വാഹനം ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ വെട്ടിച്ചു മാറ്റിയപ്പോൾ കാർ മൺതിട്ടയിൽ ഇടിച്ചു നിന്നു. ഇതിനാൽ വൻ ദുരന്തം ഒഴിവായി. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് വിവരം.

Advertisement
Advertisement