കെ- സ്മാർട്ട് പൂർണ സജ്ജം: 1,00,616 രജിസ്ട്രേഷൻ, 22,764 പേർക്ക് സർട്ടിഫിക്കറ്റുകൾ

Wednesday 17 January 2024 12:00 AM IST

തിരുവനന്തപുരം : കോർപറേഷനുകളിലും മുൻസിപ്പാലികളും സേവനങ്ങൾ ഒരു കുടക്കീഴിൽ അതിവേഗം ലഭ്യമാക്കാൻ നടപ്പാക്കിയ കെ സ്മാർട്ട് സോഫ്റ്റ്‌വെയർ രണ്ടാഴ്ച പിന്നിടുമ്പോൾ എല്ലായിടത്തും പൂർണതോതിൽ സജ്ജമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.

15ന് വൈകിട്ട് 5വരെ 1,00,616പേരാണ് രജിസ്റ്റർ ചെയ്തത്. മൊബൈൽ ആപ്പ് അൻപതിനായിരത്തിലധികം പേർ ഡൗൺലോഡ് ചെയ്തു.22,764പേരാണ് വിവാഹ-മരണ-ജനന സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. 24 മണിക്കൂറിനകം ബഹുഭൂരിപക്ഷം സർട്ടിഫിക്കറ്റുകളും ലഭ്യമാക്കി. അൻപതോളം സർട്ടിഫിക്കറ്റുകൾ അപേക്ഷിച്ച് ഒരു മണിക്കൂറിനകവും ഇരുനൂറിലധികം സർട്ടിഫിക്കറ്റുകൾ രണ്ട് മണിക്കൂറിനകവും അപേക്ഷകന് ലഭ്യമായി.

23,627 പേർ വിവിധ ഫീസുകൾ കെ സ്മാർട്ട് വഴി അടച്ചു. തദ്ദേശസ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസിലെ ഓൺലൈൻ കിയോസ്‌കുകളിലൂടെ 9.06കോടിയും, സോഫ്റ്റ്‌ വെയറിലൂടെ 45.86 ലക്ഷവുമാണ് നഗരസഭകളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിയത്. ഇതിൽ 2.47കോടി രൂപ വസ്തു നികുതിയിനത്തിലാണ്.11,642 കെട്ടിടങ്ങളുടെ വസ്തു നികുതി സോഫ്റ്റു‌വെയറിലൂടെ അടച്ചു. ആപ്പ് വഴി 34.79ലക്ഷവും, നഗരസഭകളിലെ ഫ്രണ്ട് ഓഫീസിലെ ഓൺലൈൻ കിയോസ്‌കുകൾ വഴി 2.12കോടിയും വസ്തു നികുതി ഇനത്തിൽ ലഭിച്ചു. .

രണ്ട് നഗരസഭകൾക്ക് വീഴ്ച

വസ്തു നികുതി പരിഷ്‌കരണം പൂർത്തിയാക്കാതിരുന്ന പന്തളം, രാമനാട്ടുകര മുൻസിപ്പാലിറ്റികളിലാണ് വസ്തുനികുതി സേവനം കെ . ഈ രണ്ട് നഗരസഭകളുടെയും വസ്തുനികുതി പരിഷ്‌കരണം അടിയന്തിരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.

സ്മാർട്ടാകാൻ അതിവേഗം

കെ സ്മാർട്ടിൽ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പരിശീലനം ലൈസൻസ്ഡ് സൂപ്പർവൈസർമാർക്ക് നൽകി.

എല്ലാ സംഘടനാ പ്രതിനിധികൾക്കും സംസ്ഥാന തലത്തിൽ പരിശീലനം പൂർത്തിയാക്കി.

നിലവിൽ നികുതിയടയ്ക്കുന്ന എല്ലാവർക്കും തുടർന്നും നികുതി അടയ്ക്കുന്നതിന് തടസമില്ല.

താത്കാലിക ജീവനക്കാർക്ക് താത്കാലിക പെൻ നമ്പർ നൽകി കെ സ്മാർട്ടിൽ ഉൾപ്പെടുത്തും.

നഗരസഭകളിലെ പകുതിയോളം ജീവനക്കാർക്കുള്ള ഒന്നാം ഘട്ട പരിശീലനം ഐ.കെ.എം പൂർത്തിയാക്കി.

ജീവനക്കാർക്ക്

പരിചയക്കുറവില്ല

ഏകീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ജീവനക്കാർ നഗരസഭകളിലേക്ക് മാറിയെത്തിയതിനാൽ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്നില്ലെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പഞ്ചായത്തുകളിൽ രണ്ട് വർഷമായി സേവനങ്ങൾ ഐ.എൽ.ജി.എം.എസ് വഴി സേവനങ്ങൾ ലഭ്യമാക്കുന്നത്. ഐ.എൽ.ജി.എം.എസിന്റെ പരിഷ്‌കരിച്ച പതിപ്പായ കെ സ്മാർട്ട് ഉപയോഗിക്കാൻ ഈ ജീവനക്കാർക്ക് കൂടുതൽ പ്രാവീണ്യമുണ്ട്.