കേരള വികസനത്തിന് 4,000 കോടി രൂപയുടെ പദ്ധതികൾ
മൂന്ന് വൻകിട പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
കൊച്ചി: കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസന രംഗത്ത് നാഴികക്കല്ലാകുന്ന 4000 കോടി രൂപയുടെ മൂന്ന് വൻകിട പദ്ധതികൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. കൊച്ചിൻ ഷിപ്പ‌്‌യാർഡ് ലിമിറ്റഡിന്റെ പുതിയ ഡ്രൈ ഡോക്ക്, രാജ്യാന്തര കപ്പൽ അറ്റകുറ്റപണി കേന്ദ്രം, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽ.പി.ജി ഇറക്കുമതി ടെർമിനൽ എന്നിവ കൊച്ചിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
മാരിടൈം വ്യവസായ മേഖലയിലെ ആഗോള കേന്ദ്രമാകാൻ കൊച്ചിയ്ക്ക് ഇതോടെ കഴിയുമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനാവാൾ പറഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ, റിപ്പയറിംഗ് സംവിധാനമാണ് കൊച്ചി ഷിപ്പ്‌യാർഡ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി ടി. കെ. രാമചന്ദ്രൻ, കൊച്ചിൻ ഷിപ്പ്‌യാർഡ് മേധാവി മധു എസ്.നായർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എൻജിനിയറിംഗ് വിരുതിന്റെ ഡ്രൈഡോക്ക്
കൊച്ചി കപ്പൽ ശാലയിൽ 1,799 കോടി രൂപ ചെലവിൽ നിർമ്മിച്ച ഡ്രൈഡോക്ക് മാരിടൈം രംഗത്തെ ഇന്ത്യയുടെ എഞ്ചിനീയറിംഗ് വൈഭവവും നിർവഹണ വൈദഗ്ധ്യവും വ്യക്തമാക്കുന്നതാണ്. 310 മീറ്റർ നീളമുള്ള ഡ്രൈഡോക്കിന് 13 മീറ്റർ ആഴവും 75/60 മീറ്റർ വീതിയുമുണ്ട്. 70000 ടൺ വരെ ഭാരമുള്ള വിമാനവാഹിനികൾ, കൂറ്റൻ ചരക്ക് കപ്പലുകൾ, ജാക്ക് അപ്പ് റിഗ്‌സ്, എൽ.എൻ.ജി കപ്പലുകൾ തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള ശേഷിയും ഈ ഡ്രൈ ഡോക്കിനുണ്ട്. പൂർണ തോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ 2000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.
ആഗോള കപ്പൽ റിപ്പയറിംഗ് സംവിധാനം
കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ കൊച്ചിൻ പോർട്ടിന്റെ 42 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചെലവിൽ രാജ്യാന്തര കപ്പൽ അറ്റക്കുറ്റപ്പണി കേന്ദ്രം നിർമ്മിച്ചത്. കൊച്ചിയെ ഒരു ആഗോള കപ്പൽ റിപ്പയർ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. 6000 ടൺ ശേഷിയുള്ള ഷിഫ് ലിഫ്റ്റ് സിസ്റ്റം, ട്രാൻസ്ഫർ സിസ്റ്റം, ആറ് വർക്ക് സ്റ്റേഷനുകൾ, 130 മീറ്റർ വരെ നീളമുള്ള ഏഴ് കപ്പലുകളെ ഒരേ സമയം ഉൾക്കൊള്ളുന്ന 1400 മീറ്റർ ബെർത്ത് തുടങ്ങിയവ ഇവിടെയുണ്ട്.
കുറഞ്ഞ ചെലവിൽ പാചക വാതകമെത്തിക്കാൻ എൽ.പി.ജി ടെർമിനൽ
കൊച്ചിയിലെ പുതുവൈപ്പിനിൽ 1,236 കോടി രൂപ ചെലവിലാണ് ഐ.ഒ.സിയുടെ പുതിയ എൽ.പി.ജി ഇറക്കുമതി ടെർമിനൽ തയ്യാറാക്കിയിട്ടുള്ളത്. ദക്ഷിണേന്ത്യയുടെ പാചക വാതക ആവശ്യകത നിറവേറ്റാൻ കഴിയുന്ന വിധത്തിലാണ് കൊച്ചിയിൽ ഇതൊരുക്കിയിരിക്കുന്നത്. 15400 മെട്രിക് ടൺ സംഭരണ ശേഷിയുള്ള ഈ ടെർമിനൽ റോഡ്, പൈപ്പ് ലൈൻ വഴികളിലൂടെയുള്ള എൽ.പി.ജി വിതരണം ഉറപ്പാക്കും.