ശബരിമല വരുമാനം: 300 കോടി കടക്കും, ബോർഡ് കരകയറി,​16 ലക്ഷം തീർത്ഥാടകർ കുറഞ്ഞു

Wednesday 17 January 2024 4:20 AM IST

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീ പ്രവേശന വിവാദവും കൊവിഡ് പ്രതിസന്ധിയും കാരണം വരുമാനം കുറഞ്ഞ് പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും തീർത്ഥാടനങ്ങളിലൂടെ കരകയറി.

ഇക്കുറി മാെത്തം വരുമാനം മുന്നൂറ് കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, കഴിഞ്ഞ വർഷത്തേക്കാൾ 16 ലക്ഷത്തോളം തീർത്ഥാടകർ കുറഞ്ഞു.

ദേവസ്വം ബോർഡിന്റെ മുഴുവൻ ജീവനക്കാർക്കും ശമ്പളം കൊടുക്കുന്നതിനും മറ്റു ക്ഷേത്രങ്ങളിലെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും പുറമേ, വികസന പദ്ധതികൾ നടപ്പാക്കാനും ഈ വരുമാനംകൊണ്ടു കഴിയും. കഴിഞ്ഞ വർഷം 403 കോടിയായിരുന്നു വരുമാനം.കൊവിഡ് കാലത്തെ മുടങ്ങിയ രണ്ടു വർഷത്തെ കാണിക്ക തീർത്ഥാടകർ കഴിഞ്ഞ വർഷം ഒന്നിച്ച് സമർപ്പിച്ചതാണ് റെക്കാഡ് വരുമാനമായത്.

സ്ത്രീ പ്രവേശന വിധിയെ തുടർന്നുണ്ടായ പ്രചാരണങ്ങളും കൊവിഡും കാരണമുള്ള വരുമാന നഷ്ടം ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ലോക്ഡൗണിൽ ഇളവ് വരുത്തിയ ശേഷം 154 കോടിയായി ഉയർന്നെങ്കിലും സർക്കാരിന്റെ താങ്ങോടെയാണ് മുന്നോട്ടുപോയത്.

ഈ വർഷം മണ്ഡലകാലം വരെ 241 കോടിയായിരുന്നു വരുമാനം. മകരവിളക്ക്, ലേലം എന്നിവ വഴിയുള്ള വരുമാനം

ഈ മാസം ഇരുപതിനറിയാം. അന്നുവരെ തീർത്ഥാടകർക്ക് ദർശനം നടത്താം.

45 കോടി:

ശമ്പളം,പെൻഷൻ,

മറ്റു ക്ഷേത്രങ്ങളുടെ

ചെലവ് പ്രതിവർഷം

(ബാക്കിതുക വികസന പദ്ധതികൾക്ക്)

അഞ്ച് വർഷത്തെ

ശബരിമല വരുമാനം

# 2023-24: മണ്ഡലകാലം വരെ 241കോടി

# 2022-23: 403 കോടി (കുത്തക ലേലം ഉൾപ്പെടെ)

# 2021-22: 154.5 കോടി (കൊവിഡ്)

# 2020-21: 21 കോടി (കൊവിഡ്)

# 2019-20: 263.46 കോടി

# 2018-1: 180.18 കോടി (സ്ത്രീപ്രവേശന വിധിയെ തുടർന്നുണ്ടായ സംഘർഷം വരുമാനം കുറച്ചു)

# 2017-18: 279.43 കോടി

  • തീർത്ഥാടകർ

2023-24: 48. 92ലക്ഷം (മകരവിളക്കുവരെ )

2022-23: 65 ലക്ഷം

2020-22: തീർത്ഥാടകർ കുറഞ്ഞു(കൊവിഡ്)

2019-20: 39 ലക്ഷം

2018-19:തീർത്ഥാടകർ കുറഞ്ഞു (സ്ത്രീ പ്രവേശന വിവാദം)

2017-18: 43 ലക്ഷം

സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ മികവിലാണ് സുരക്ഷിതവും സുഗമവുമായ തീർത്ഥാടനം പൂർത്തിയാകുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് കാര്യങ്ങൾ കൂടിയാലോചിച്ചിരുന്നു.

കെ. രാധാകൃഷ്ണൻ ,

ദേവസ്വം മന്ത്രി

" തീർത്ഥാടനം സുഗമമായി സമാപിച്ചതിൽ സംതൃപ്തിയുണ്ട്. മുൻ വർഷങ്ങളിൽ എത്തിക്കൊണ്ടിരുന്ന കണക്കിൽ ഇത്തവണയും തീർത്ഥാടകരെത്തി.

പി.എസ് പ്രശാന്ത്,

ദേവസ്വം ബോർഡ് പ്രസിഡന്റ്