ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല നാളെ
തിരുവനന്തപുരം : കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ നാളെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. കാസർകോട്ട് അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം ആദ്യ കണ്ണിയാകും. ചങ്ങല സമാപിക്കുന്ന രാജ്ഭവനുമുന്നിൽ ഡി.വൈ.എഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ഇ.പി ജയരാജൻ അവസാന കണ്ണിയാകും.
20ന് വൈകിട്ട് നാലു മുതൽ ചങ്ങലയുടെ ഒരുക്കങ്ങൾ തുടങ്ങും. 4.30ന് ട്രയൽ നടത്തിയ ശേഷം 5ന് ചങ്ങല കോർത്ത് പ്രതിജ്ഞ ചൊല്ലും. അതിനു ശേഷം പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും. കാസർകോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ പൊതുസമ്മേളനം മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. രാജ്ഭവനുമുന്നിലെ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
യുവജനങ്ങളെ മാത്രം അണിചേർത്ത് ചങ്ങലസൃഷ്ടിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലുടം ഏറ്റെടുത്ത മുദ്രാവാക്യങ്ങളുടെ പ്രാധാന്യം മനസിലാക്കി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അണിചേരാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്. യൂത്ത്‌കോൺഗ്രസ്, യൂത്ത്ലീഗ് ഉൾപ്പെടെയുള്ള സംഘടനകളുടെ അണികളെയും
മനുഷ്യച്ചങ്ങലയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി .വസീഫ് , ട്രഷറൻ എസ് ആർ അരുൺ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കേരളത്തിലെ യുവജനങ്ങൾക്കു വേണ്ടി യൂത്ത് കോൺഗ്രസ് എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം. കേന്ദ്ര സർക്കാരിന്റെ നിയമന നിരോധനം ഉൾപ്പെടെ ഉയർത്തിക്കാട്ടിയാണ് ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല തീർക്കുന്നത്.
.