കുസാറ്റ് ദുരന്തം: ഹൈക്കോടതി അന്വേഷണ റിപ്പോർട്ട് തേടി, കാമ്പസ് പരിപാടികൾക്ക് മാർഗരേഖ തയ്യാറാകുന്നു

Friday 19 January 2024 11:38 PM IST

കൊച്ചി:കാമ്പസുകളിൽ കലാപരിപാടികൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് മാർഗരേഖ തയാറാക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കുസാറ്റിൽ നാലുപേർ മരിച്ച സംഗീതനിശാ ദുരന്തത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിലാണിത്.

മാർഗരേഖയുടെ പകർപ്പ് ഹാജരാക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾക്കാണ് കോടതി പ്രാഥമികപരിഗണന നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുസാറ്റിലെ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും നാലുപേർ മരിച്ചതിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹ‌ർജി നൽകിയത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും സിൻഡിക്കേറ്റ് ഉപസമിതിയും ഉന്നതവിദ്യാഭ്യാസ വകുപ്പും നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടുകൾ സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഹർജി ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും.

സർവകലാശാലയുടെ വീഴ്ചകൾ ദുരന്തത്തിന് കാരണമായെന്നും സമഗ്രഅന്വേഷണം ആവശ്യമാണെന്നും വ്യക്തമാക്കി പൊലീസ് നടപടി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

പൊലീസിനെതിരെ മുൻ പ്രിൻസിപ്പൽ

ദുരന്തത്തിൽ പൊലീസ് തന്നെയും രണ്ട് അദ്ധ്യാപകരെയും ബലിയാടാക്കുകയാണെന്ന് സ്‌കൂൾ ഒഫ് എൻജിനിയറിംഗ് മുൻ പ്രിൻസിപ്പൽ ദീപക്‌ കുമാർ സാഹു ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പരിപാടി പൊലീസിനെ അറിയിച്ചില്ലെന്നും മുൻകരുതൽ എടുത്തില്ലെന്നുമുള്ള കണ്ടെത്തൽ ശരിയല്ല. പൊലീസ് സുരക്ഷ ഉറപ്പാക്കേണ്ടത് സർവകലാശാലാ രജിസ്ട്രാറാണ്. ഇതിനായി സംഘാടക സമിതി അദ്ധ്യക്ഷനെന്ന നിലയിൽ താൻ രജിസ്ട്രാർക്ക് കത്തു നല്കിയിരുന്നു. സംഗീത നിശയിൽ 4000 പേർ പങ്കെടുത്തെന്ന പൊലീസ് വാദവും ശരിയല്ല.

ഓഡിറ്റോറിയത്തിൽ 400 - 500 പേരും പുറത്ത് 600 - 1000 പേരുമാണ് ഉണ്ടായിരുന്നത്. കുട്ടികൾ പെട്ടെന്ന് തള്ളിക്കയറിയതാണ് അപകടകാരണം. രജിസ്ട്രാറെയും മറ്റ് ഉന്നതരെയും സംരക്ഷിക്കുന്നതാണ് പൊലീസ് റിപ്പോർട്ടെന്നും ജുഡിഷ്യൽ അന്വേഷണമെന്ന ആവശ്യത്തോട് യോജിക്കുകയാണെന്നും സാഹു അധിക സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ദുരന്തത്തെ തുടർന്നാണ് സാഹുവിനെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കിയത്.

Advertisement
Advertisement