പൊലീസ് എല്ലാവർക്കും തുല്യ ബഹുമാനം നല്കണം: ഹൈക്കോടതി, ഡി.ജി.പി ഓൺലൈനിൽ ഹാജരായി
കൊച്ചി: പൊലീസ് ഒരാളെയും ചെറുതായി കാണരുതെന്നും എല്ലാവർക്കും തുല്യബഹുമാനം നൽകണമെന്നും ഹൈക്കോടതി. പൊലീസുകാരിൽ നിന്നുള്ള മോശം പെരുമാറ്റം അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. പാലക്കാട് ആലത്തൂരിൽ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയ കേസിലാണ് പരാമർശം. കഴിഞ്ഞയാഴ്ച വിഷയം പരിഗണിച്ചപ്പോൾ സംസ്ഥാന പൊലീസ് മേധാവി ഓൺലൈനിൽ നേരിട്ടെത്തി വിശദീകരണം നൽകാൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഡി.ജി.പി ഓൺലൈനിൽ ഹാജരായി.
ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങൾക്കാണെന്നും ആലത്തൂരിലെ പൊലീസ് ഓഫീസറുടെ നടപടി ശരിയാണോയെന്നും ഡി.ജി.പിയോട് കോടതി ആരാഞ്ഞു. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നായിരുന്നു മറുപടി. ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. വകുപ്പുതല അന്വേഷണം നടക്കുകയാണ്. തുടർനടപടിയുണ്ടാകുമെന്നും ഉറപ്പു നൽകിയ ഡി.ജി.പി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകിയതായും അറിയിച്ചു.
അപകടത്തിൽപ്പെട്ട വാഹനം വിട്ടുകിട്ടാൻ കോടതി ഉത്തരവുമായി പൊലീസ് സ്റ്റേഷനിലെത്തിയ അഡ്വ. അക്വിബ് സുഹൈലിനോട് ആലത്തൂർ എസ്.ഐ റിനീഷ് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ, അഡ്വ. അക്വിബ് കോടതിയലക്ഷ്യഹർജി സമർപ്പിക്കുകയും ചെയ്തു.
ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നേരത്തെയും പല പരാതിയും ഉയർന്നിട്ടുണ്ടെന്നും സ്ഥലം മാറ്റങ്ങളല്ലാതെ മറ്റ് നടപടികളുണ്ടായിട്ടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
ആരോപണവിധേയനായ ഉദ്യോഗസ്ഥന് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ട ഹൈക്കോടതി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ രേഖാമൂലം അറിയിക്കാൻ ഡി.ജി.പിയോടു നിർദ്ദേശിച്ചു. ഹർജി ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കാൻ മാറ്റി.