കുരീപ്പുഴ -ഷാപ്പ്മുക്ക്-നദിയ ജംഗ്ഷൻ റോഡിൽ മെറ്രൽ നിരത്തി, ടാറിംഗ് മറന്നു
മെറ്റൽ നിരത്തിയിട്ട് ഏഴ് മാസം
അഞ്ചാലുംമൂട്: റോഡ് ടാർ ചെയ്യുന്ന കാര്യം അധികൃതർ മറന്നതോടെ യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമായി കുരീപ്പുഴ -ഷാപ്പ്മുക്ക്-നദിയ ജംഗ്ഷൻ റോഡ്. പുനർനിർമ്മാണത്തിന്റെ പേരിൽ മെറ്റൽ നിരത്തിയിട്ട് ഏഴ് മാസമായിട്ടും ഇതുവരയും ടാറിംഗ് ആരംഭിച്ചിട്ടില്ല. ഇതോടെ കുരീപ്പുഴ ഐക്കരമുക്കിൽ നിന്ന് ഷാപ്പ് മുക്ക് വഴി നദിയ ജംഗഷനിലേക്ക് പോകുന്ന യാത്രക്കാരും വാഹനവും ഒരുപോലെ 'റിപ്പയറിംഗിന്' കയറേണ്ട അവസ്ഥയാണ്.
ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. റോഡിന്റെശോചനീയാവസ്ഥ കാരണം ഓട്ടോറിക്ഷകൾ പോലും ഈ വഴിയുള്ള ഓട്ടം ഒഴിവാക്കി കിലോമീറ്ററുകൾ കറങ്ങി മറ്റ് വഴികളിലൂടെയാണ് ഷാപ്പ്മുക്കിലേക്കും മറ്റും എത്തുന്നത്. പലയിടത്തും മെറ്റലുകൾ ഇളകിയ നിലയിലാണ്. ഐക്കരമുകൽ നിന്ന് നദിയജംഗ്ഷനിലേക്കുള്ള ഒരു കിലോമീറ്റർ റോഡിലാണ് ദുരിതമേറെയും.
അപകടവും വണ്ടിക്ക് പണിയും
ഐക്കരമുക്കിൽ നിന്ന് ഷാപ്പ് മുക്ക് വഴി ബസ് സർവീസുണ്ട്. മെറ്റലിളകി തകർന്ന റോഡിലൂടെ ദിവസവും സഞ്ചരിക്കുന്നതിനാൽ ബസിന്റെ കളക്ഷന്റെ ഭൂരിഭാഗം അറ്റകുറ്റപ്പണികൾക്ക് ചെലവാക്കേണ്ട സ്ഥിതിയാണെന്ന് ബസ് ജീവനക്കാർ പറയുന്നു. ഇത് വഴി പോകുന്ന ഇരുചക്രവാഹനങ്ങളുടെ ടയറുകൾ പഞ്ചറാകുകയും നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. ഐക്കരമുക്കിൽ നിന്ന് ഷാപ്പ് മുക്ക്‌വഴി നദിയ ജംഗ്ഷനിലെത്തിയാൽ ബൈപ്പാസിലേക്ക് എളുപ്പം പ്രവേശിക്കാനാകും. ഈ ഭാഗത്ത് ഏന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ആംബുലൻസിൽ രോഗിയെ മറ്റ് വഴിയിലൂടെ ആശുപത്രിയിൽ കൊണ്ടുപോകേണ്ട സ്ഥിതിയാണിപ്പോൾ.
പൊടിശല്യവും നടുവേദനയും
മെറ്റൽ പാകിയ റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനയാത്രക്കാർക്ക് നടുവേദന ഉൾപ്പെടെയുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നതായി പരാതിയുണ്ട്. മെറ്റലുകൾ ഇളകി കിടക്കുന്ന ഭാഗത്ത് വാഹനങ്ങൾ പോകുന്ന സമയത്ത് രൂക്ഷമായ പൊടിശല്ല്യവും ഉണ്ടാകുന്നുണ്ട്. ടാർ ചെയ്യാൻ ടെണ്ടർ എടുക്കാൻ ആളില്ലെന്നാണ് കോർപ്പറേഷൻ അധികൃതർ നൽകുന്ന വിശദീകരണം. ഏഴ് മാസത്തിലധികമായി നാട്ടുകാരുടെ നടുവൊടിക്കുന്ന റോഡ് എത്രയും വേഗം ടാർ ചെയത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.