ഓസ്ട്രേലിയൻ ഓപ്പൺ : റൈബാക്കിനയെ പ്ളിംഗ്ആക്കി അന്ന ബ്ളിങ്കോവ

Thursday 18 January 2024 11:54 PM IST

എലേന റൈബാക്കിന രണ്ടാം റൗണ്ടിൽ പുറത്ത്

ഇഗ ഷ്വാം ടെക്ക്, അൽക്കാരസ് മൂന്നാം റൗണ്ടിൽ

മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസ് മൂന്നാം റൗണ്ടിൽ മൂന്നാം സീഡ് കസാഖിസ്ഥാൻ താരം എലേന റൈബാക്കിനയെ രണ്ടാം റൗണ്ടിൽ അട്ടിമറിച്ച് റഷ്യക്കാരിയായ അന്ന ബ്ളിങ്കോവ. ലോക റാങ്കിംഗിൽ 57-ാം സ്ഥാനക്കാരിയായ ബ്ളിങ്കോവയോട് മൂന്ന് സെറ്റ് പൊരുതിയാണ് റൈബാക്കിന കീഴടങ്ങിയത്. ടൈബ്രേക്കറിലേക്ക് നീണ്ട മൂന്നാം സെറ്റിൽ 22-20 എന്ന സ്കോറിനാണ് റഷ്യൻ താരത്തിന്റെ വിജയം. സ്കോർ : 6-4,4-6,7-6 (22/20).

ലോക ഒന്നാം നമ്പർ വനിതാതാരം ഇഗ ഷ്വാംടെക്ക് മൂന്ന് സെറ്റ് പോരാട്ടത്തിൽ വിജയിച്ച് മൂന്നാം റൗണ്ടിലേക്ക് എത്തി. അമേരിക്കയുടെ ഡാനിയേല കോളിൻസിനെതിരെ 6-4,3-6,6-4 എന്ന സ്കോറിനായിരുന്നു ഇഗയുടെ ജയം. പുരുഷ സിംഗിൾസിൽ രണ്ടാം സീഡ് കാർലോസ് അൽക്കാരസും കടുത്ത വെല്ലുവിളി കടന്ന് മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ ഇറ്റാലിയൻ താരം ലോറൻസ് സൊനേഗോയ്ക്ക് എതിരെ 6-4,7-6(6/3),3-6,7-6(6/3) എന്ന സ്കോറിനായിരുന്നു അൽക്കാരസിന്റെ വിജയം. ജർമ്മനിയുടെ ആറാം സീഡ് അലക്സിസ് സ്വരേവും ഡെന്മാർക്കിന്റെ 11-ാം സീഡ് കാസ്പർ റൂഡ് അഞ്ചുസെറ്റ് മത്സരത്തിന്റെ വെല്ലുവിളി നേരിട്ടാണ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചത്. സ്വരേവ് 7-5,3-6,4-6,7-6(7/5),7-6(10/7) എന്ന സ്കോറിന് സ്ളൊവാക്യൻ ക്വാളിഫയറായ ലൂക്കാസ് ക്ളെയിനിനെയാണ് മറികടന്നത്. കാസ്പർ റൂഡ് 6-3,6-7(5/7),6-3,3-6,7-6(10/7) എന്ന സ്കോറിന് ഓസ്ട്രേലിയയുടെ മാക്സ് പഴ്സലിനെ തോൽപ്പിച്ചാണ് മുന്നേറിയത്.

ജെലന ഒസ്റ്റാപെങ്കോ, സൊളാനേ സ്റ്റീഫൻസ്,ഗ്രിഗറി ഡിമിത്രോവ് തുടങ്ങിയ പ്രമുഖ താരങ്ങളും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.

22-20

ആകെ 42 പോയിന്റാണ് അന്ന ബ്ളിങ്കോവയും റൈബാക്കിനയും തമ്മിലുള്ള ടൈബ്രേറിൽ പിറന്നത്. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിലെ ഏറ്റവും ദൈർഘ്യമേറിയ ടൈബ്രേക്കറാണിത്. 38 പോയിന്റായിരുന്നു ഇതിന് മുമ്പുള്ള റെക്കാഡ്. 31 മിനിട്ടാണ് ടൈബ്രേക്കർ പൂർത്തിയാക്കാൻ വേണ്ടിവന്നത്.

Advertisement
Advertisement